ദുബായ്: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ‘വർക്കേഴ്സ് റേസ്’ മിനി മാരത്തൺ ആവേശമായി. തൊഴിലാളികൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ദുബായ് മെയ്ദാൻ ട്രാക്കിലാണ് മാരത്തൺ നടന്നത്. യു.എ.ഇ.യുടെ നിർമ്മാണ, സേവന മേഖലകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾ ഈ കായിക മാമാങ്കത്തിൽ പങ്കുചേർന്നു.
യു.എ.ഇ. മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം, ദുബായ് താമസ കുടിയേറ്റ വകുപ്പ്, പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്‌സ്, ദുബായ് സ്പോർട്‌സ് കൗൺസിൽ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കഠിനാധ്വാനികളായ തൊഴിലാളികൾക്ക് മാനസികോല്ലാസവും ശാരീരികക്ഷമതയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം ആവിഷ്കരിച്ചത്.
Also Read: യു.എ.ഇ.ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ലോകനേതാക്കൾ
മന്ത്രാലയം അണ്ടർസെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂറി, ജി.ഡി.ആർ.എഫ്.എ. അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഉമർ മതർ അൽ മുസൈന തുടങ്ങിയ പ്രമുഖ വ്യക്തികൾ നേരിട്ടെത്തി തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു. മാരത്തണിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് ക്യാഷ് അവാർഡുകളും മറ്റ് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
യു.എ.ഇ.യുടെ വികസന പന്ഥാവിൽ തൊഴിലാളികൾ നൽകുന്ന നിസ്തുലമായ സംഭാവനകളെ രാജ്യം എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പരിപാടികളെന്ന് അധികൃതർ വ്യക്തമാക്കി. വരും വർഷങ്ങളിലും തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും മുൻനിർത്തി കൂടുതൽ ജനകീയമായ പദ്ധതികൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.






