രാജ്യത്ത് കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി(സിബിയു മോഡല്‍) ചെയ്യുകയാണ് ചെയ്യുക. 62 ലക്ഷം(എക്‌സ് ഷോറൂം) രൂപ വിലയുള്ള കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് മിനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിനേക്കാള്‍ 7.10 ലക്ഷം രൂപ കൂടുതലാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്.
സ്റ്റാന്‍ഡേർഡ് മോഡലിനേക്കാള്‍ രൂപത്തില്‍ ചില മാറ്റങ്ങളോടെയാണ് കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വരവ്. ലെജെന്‍ഡ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു എത്തുന്നത്. റൂഫ്, മിറര്‍ കാപ്പുകളും സ്‌പോര്‍ട് സ്‌ട്രൈപ്‌സും വ്യത്യസ്ത ലുക്ക് നല്‍കും. മുന്നില്‍ ഭംഗിക്ക് വേണ്ടിയുള്ള ഗ്രില്ലുകളും, മുന്നിലേയും പിന്നിലേയും ബംപറുകളും, സൈഡ് സ്‌കര്‍ട്ടുകളും, റിയര്‍ സ്‌പോയ്‌ലറും, ഡോര്‍ എന്‍ട്രി സില്‍സുമെല്ലാം സ്റ്റാന്‍ഡേർഡ് മോഡലിന് സമാനമാണ്. 19 ഇഞ്ച് ജെസിഡബ്ല്യു റണ്‍വേ സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും ഈ ലുക്കിനെ സഹായിക്കുന്നു. ബോഡി, വിന്‍ഡോ ലൈന്‍, കോണ്‍ട്രാസ്റ്റിങ് റൂഫ് എന്നിവ ചേര്‍ത്തുള്ള ത്രീ പാര്‍ട്ട് ഡിസൈന്‍ മിനിയെ റോഡില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കും.
Also Read: വിൽപ്പനയിൽ കുതിച്ച് വിഡ ഇലക്ട്രിക് സ്കൂട്ടർ
ഉള്ളില്‍ കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു ക്ലീന്‍, മിനിമലിസ്റ്റ് ഡിസൈനാണ് പിന്തുടരുന്നത്. ജെസിഡബ്ല്യു സ്‌പോര്‍ട്ട് സീറ്റുകളാണുള്ളത്. ജെസിഡബ്ല്യു ബ്രാന്‍ഡഡ് സ്റ്റീറിങ് വീലുകളില്‍ പാഡില്‍ ഷിഫ്റ്ററും നല്‍കിയിട്ടുണ്ട്. മിനിയുടെ പ്രധാന സവിശേഷതകളിലൊന്നായ വൃത്താകൃതിയിലുള്ള ഒഎല്‍ഇഡി ടച്ച്‌സ്‌ക്രീന്‍ 240 എംഎമ്മിന്റെയാണ്. മിനി ഓപറേറ്റിങ് സിസ്റ്റം 9 ആണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഹെഡ് അപ് ഡിസ്‌പ്ലേ, ഇന്റീരിയര്‍ ഫിഷ്‌ഐ ക്യാമറ, ഹര്‍മന്‍ കാര്‍ഡൊണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ബില്‍റ്റ് ഇന്‍ നാവിഗേഷന്‍, റിമോട്ട് സര്‍വീസുകള്‍, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
ഗോ കാര്‍ട്ട് മോഡ്, ഗ്രീന്‍ മോഡ്, വിവിഡ് മോഡ് എന്നിങ്ങനെയുള്ള ഡ്രൈവിങ് മോഡുകള്‍ വ്യത്യസ്ത ഡ്രൈവിങ് അനുഭവങ്ങള്‍ നല്‍കും.
കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിലെ ഇലക്ട്രിക്ക് മോട്ടോറില്‍ വ്യത്യാസമില്ല. 66.45 കിലോവാട്ട് ബാറ്ററി പാക്ക് ഫ്രണ്ട് വീലിലേക്കാണ് കരുത്ത് പകരുന്നത്. റേഞ്ച് 462 കിലോമീറ്റര്‍(WLTP). പരമാവധി 210 ബിഎച്ച്പി കരുത്തും 250എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ബൂസ്റ്റ് മോഡും കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവില്‍ വരുന്നുണ്ട്. 8.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാനും കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന് സാധിക്കും.