ദോഹ: സെന്റർ ഫോർ ട്രാൻസ്‌പോർട്ട് എക്‌സലൻസ് തയ്യാറാക്കിയ മിന ട്രാൻസ്‌പോർട്ട് റിപ്പോർട്ട് 2025 ൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ. മിഡിലീസ്റ്റ് വടക്കേ ആഫ്രിക്ക (മിന) മേഖലയിലെ 14 രാജ്യങ്ങളിലെ 40 നഗരങ്ങളുടെ പൊതു ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം ഖത്തറിലെ ജനസംഖ്യയുടെ 91.7 ശതമാനത്തിനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആക്‌സസുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. തലസ്ഥാന നഗരമായ ദോഹ മികച്ച റോഡുകളുടെ കാര്യത്തിലും പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലും മുൻനിരയിലാണ്.
ദോഹയിൽ 10 ലക്ഷം പേർക്ക് 969 ബസുകളും 278 മെട്രോ കോച്ചുകളുമുണ്ട്. പൊതു ബസുകളുടെ എണ്ണത്തിൽ ദോഹ ആഗോളതലത്തിൽ തന്നെ മൂന്നാം സ്ഥാനത്താണ്. പൊതുഗതാഗത ഉപയോക്തൃ അനുഭവത്തിന്റെ കാര്യത്തിൽ ആംസ്റ്റർഡാം, ജനീവ, സിംഗപ്പൂർ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിലും ഖത്തർ ഇടം നേടിയിട്ടുണ്ട്.
Also Read: ഷാർജയിൽ സ്‌കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം
ലോകത്തിലെ ഏറ്റവും നൂതനവും കാര്യക്ഷമവുമായ മൊബിലിറ്റി സിസ്റ്റങ്ങളിലൊന്നാണ് ദോഹ മെട്രോയെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടി. 2022 ഫിഫ ലോകകപ്പ് അടക്കം ഖത്തർ സംഘടിപ്പിക്കുന്നതോ ആതിഥേയത്വം വഹിക്കുന്നതോ ആയ പ്രധാന പരിപാടികളുടെ വിജയത്തിൽ ദോഹ മെട്രോയുടെ പങ്കിനെയും റിപ്പോർട്ട് പ്രശംസിച്ചു.