മാരുതി സുസുക്കിയിൽ നിന്നുള്ള സ്റ്റൈലിഷ് ക്രോസ്ഓവറായ ഫ്രോങ്ക്സ് പുതിയ ലുക്കിലും കരുത്തിലും ഉടൻ വിപണിയിലെത്തും. പുറത്തുവന്ന സ്പൈ ചിത്രങ്ങൾ പ്രകാരം ഹൈബ്രിഡ് പവർട്രെയിൻ, എഡിഎഎസ്, ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ വൻ നവീകരണങ്ങളാണ് മാരുതി ഈ മോഡലിൽ ഒരുക്കുന്നത്. നവീകരിച്ച ഫ്രോങ്ക്സിന്റെ പ്രധാന സവിശേഷതകൾ വിശദമായി നോക്കാം.
ലിറ്ററിന് 35 കിലോമീറ്റർ മൈലേജ്
മാരുതി സുസുക്കി സ്വന്തമായി വികസിപ്പിക്കുന്ന പുതിയ സ്ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്ന ആദ്യ മോഡലായിരിക്കും ഫ്രോങ്ക്സ്. 1.2 ലിറ്റർ Z12 പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ചേരുന്ന ഈ സംവിധാനം ലിറ്ററിന് 35 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഗ്രാൻഡ് വിറ്റാരയിലും മറ്റും ഉപയോഗിക്കുന്ന ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായിരിക്കും മാരുതിയുടെ ഈ പുത്തൻ കരുത്ത്.
Also Read: മൈലേജ് 33 കി.മീ, സുരക്ഷയിൽ 5 സ്റ്റാർ; ഡിസയർ ഒന്നാമനായി തുടരുന്നത് ഇതുകൊണ്ട്!
സുരക്ഷയ്ക്കായി എഡിഎഎസ്
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ എഡിഎഎസ് ഫീച്ചറുകൾ പുതിയ ഫ്രോങ്ക്സിൽ ഉൾപ്പെടുത്തും. കൂടാതെ 360 ഡിഗ്രി ക്യാമറയും ഈ മോഡലിന്റെ ഭാഗമാകും.
ഓൾ വീൽ ഡ്രൈവ് കരുത്ത്
ഗ്രാൻഡ് വിറ്റാരയിലേതിന് സമാനമായി ലൈറ്റ് ഓഫ്-റോഡിംഗ് സൗകര്യമുള്ള ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റം പുതിയ ഫ്രോങ്ക്സിലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനകം ജപ്പാനിലും യൂറോപ്പിലും വിൽക്കുന്ന ഫ്രോങ്ക്സ് മോഡലുകളിൽ ഈ സൗകര്യമുണ്ട്. പിൻ ആക്സിലിൽ കണ്ടെത്തിയ മാറ്റങ്ങൾ ഇത് ശരിവയ്ക്കുന്നതാണ്.
ഡിസൈനിലും ക്യാബിൻ ലേഔട്ടിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഈ മെക്കാനിക്കൽ മാറ്റങ്ങൾ ഫ്രോങ്ക്സിനെ നിലവിലെ മോഡലിനേക്കാൾ വിലയേറിയതാക്കും. 2027-ഓടെ ഈ മാറ്റങ്ങളോടെയുള്ള ഫ്രോങ്ക്സ് നിരത്തുകളിലെത്തും.






