മാള: മാളയിൽ മധ്യവയസ്കനെ കാപ്പ കേസ് പ്രതി മരപ്പലകകൊണ്ട് അടിച്ചു കൊലപ്പെടുത്തി. കുരുവിലശ്ശേരി ചക്കാട്ടിൽ തോമ എന്ന തോമസാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി വാടാശ്ശേരി സ്വദേശി പ്രമോദിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.
തോമയും പ്രമോദും തമ്മിൽ തർക്കം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പ്രമോദ് തോമയുടെ വീട്ടിലെത്തുകയും വീട്ടുമുറ്റത്തുവെച്ച് ഇരുവരും തർക്കമുണ്ടാവുകയും ചെയ്തു.
Also Read: കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ചു
പ്രകോപിതനായ പ്രമോദ് സ്ഥലത്ത് കിടന്ന മരപ്പലക ഉപയോഗിച്ച് തോമസിന്റെ കാലുകളും ഒരു കൈയും തല്ലിയൊടിക്കുകയായിരുന്നു. തുടർന്ന് വീട്ടുമുറ്റത്ത് കിടന്ന കോൺക്രീറ്റ് പാളി തലയിലേക്ക് എടുത്തിടുകയും ചെയ്തു. തലയിൽ ഗുരുതര പരിക്കേറ്റാണ് തോമ മരിച്ചത്. കാപ്പ കേസ് പ്രതിയായ പ്രമോദിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.