CMDRF

മൈക്രോഫിനാൻസ്‌ തട്ടിപ്പ്‌: തുഷാർ വെള്ളാപ്പള്ളി രണ്ടാംപ്രതി; കേസെടുത്ത് പൊലീസ്‌

മൈക്രോഫിനാൻസ്‌ തട്ടിപ്പ്‌: തുഷാർ വെള്ളാപ്പള്ളി രണ്ടാംപ്രതി; കേസെടുത്ത് പൊലീസ്‌
മൈക്രോഫിനാൻസ്‌ തട്ടിപ്പ്‌: തുഷാർ വെള്ളാപ്പള്ളി രണ്ടാംപ്രതി; കേസെടുത്ത് പൊലീസ്‌

ചേർത്തല; മൈക്രോഫിനാൻസ്‌ തട്ടിപ്പ്‌ കേസിൽ ബിഡിജെഎസ്‌ ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി ചേർത്തല പൊലീസ്‌ കേസെടുത്തു. എസ്‌എൻഡിപി യോഗം ചേർത്തല യൂണിയനിൽപ്പെട്ട പള്ളിപ്പുറം ശാഖായോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായസംഘത്തിന്റെ പരാതിയിലാണ്‌ നടപടി.

വിശ്വാസവഞ്ചന, ചതി ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ്‌ വെള്ളിയാഴ്‌ച കോടതിയിൽ പ്രഥമവിവരറിപ്പോർട്ട്‌ സമർപ്പിച്ചത്‌. തട്ടിപ്പ്‌ നടക്കുമ്പോൾ യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയർമാനായിരുന്നു തുഷാർ. നിലവിൽ എസ്‌എൻഡിപി യോഗം വൈസ്‌ പ്രസിഡന്റും എൻഡിഎ സംസ്ഥാന കൺവീനറുമാണ്‌.

എസ്‌എൻഡിപി യോഗം ചേർത്തല യൂണിയൻ കൺവീനറായിരുന്ന, അന്തരിച്ച കെ കെ മഹേശൻ ഒന്നാംപ്രതിയും ഓഫീസ്‌ ജീവനക്കാരനായിരുന്ന സുരേന്ദ്രൻ മൂന്നാംപ്രതിയുമാണ്‌.2018 മെയ്‌ നാലിന്‌ സംഘടന മുഖേന യൂണിയൻബാങ്ക്‌ കലവൂർ ശാഖയിൽനിന്ന്‌ ലഭ്യമാക്കിയ 6.5 ലക്ഷം രൂപയുടെ വായ്‌പ, തട്ടിപ്പിന്‌ ഉപയോഗിച്ചതായി പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

പലിശയിനത്തിൽ 1,11,465 രൂപ ഉൾപ്പെടെ നിശ്‌ചിത ഗഡുക്കളായി യൂണിയൻ ഓഫീസിൽ കൃത്യമായി അടച്ചെങ്കിലും അവിടെനിന്ന്‌ ബാങ്കിന്‌ നൽകിയില്ല. അരലക്ഷത്തോളം രൂപ മാത്രമാണ്‌ യൂണിയൻ അടച്ചത്‌. ശേഷിച്ച തുക പ്രതികൾ കൈക്കലാക്കി. എന്നാൽ വായ്‌പത്തുകയും പലിശയും പൂർണമായി അടച്ച്‌ വായ്‌പയിടപാട്‌ അവസാനിപ്പിച്ചതായി യൂണിയൻ ഓഫീസിലെ പാസ്‌ബുക്കിൽ രേഖപ്പെടുത്തി സീൽ പതിപ്പിച്ച്‌ സംഘത്തിന്‌ നൽകിയെന്നും പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

അംഗങ്ങൾക്ക്‌ ജപ്‌തിനോട്ടീസ്‌ ലഭിച്ചതോടെയാണ്‌ തട്ടിപ്പ്‌ വെളിപ്പെട്ടത്‌. സംഘാംഗങ്ങൾ യൂണിയൻ ഭാരവാഹികളെ സമീപിച്ചപ്പോൾ ഉടൻ പ്രശ്‌നം പരിഹരിക്കാമെന്ന്‌ ഉറപ്പ്‌ നൽകിയെങ്കിലും പാലിച്ചില്ല. ഇതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നിലവിലെ യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ ടി അനിയപ്പൻ പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായി നൽകിയ ഉറപ്പും പാലിക്കാത്തതിനാലാണ്‌ കേസെടുത്തത്‌.

ചേർത്തലയിലെ 102 സംഘങ്ങൾക്ക്‌ യൂണിയൻബാങ്ക്‌ 2013 മുതൽ നൽകിയ 4.42 കോടി രൂപയും പലിശയും കുടിശ്ശികയുള്ളതായാണ്‌ വിവരം. 1200 കുടുംബങ്ങളാണ്‌ തട്ടിപ്പിനിരയായത്‌. മൂന്ന്‌ സംഘങ്ങൾ ഇതിനകം പരാതിയുമായി പൊലീസിനെ സമീപിച്ചു. കൂടുതൽ പരാതികൾ എത്തുമെന്നാണ്‌ സൂചന.

Top