CMDRF

എം ജി വിൻഡ്‌സർ ബുക്കിംഗ് നാളെ തുടങ്ങും

11,000 രൂപ ടോക്കൺ തുകയ്ക്ക് എംജി വിൻഡ്‌സർ ഇവിയുടെ ഔദ്യോഗിക ബുക്കിംഗ് 2024 ഒക്‌ടോബർ മൂന്നിന് ആരംഭിക്കും

എം ജി വിൻഡ്‌സർ ബുക്കിംഗ് നാളെ തുടങ്ങും
എം ജി വിൻഡ്‌സർ ബുക്കിംഗ് നാളെ തുടങ്ങും

ZS ഇവി, കോമെറ്റ് ഇവി എന്നിവയ്ക്ക് പിന്നാലെ എം ജി വിൻഡ്‌സർ (Windsor EV) എന്ന പുതിയ ഇലക്ട്രിക് ക്രോസ്ഓവർ മോഡലിനെയും ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 9.99 ലക്ഷത്തിന്റെ പ്രാരംഭ വിലയിലെത്തിയ വാഹനം നിരത്തിലിറങ്ങാനായി വാഹനപ്രേമികൾ കാത്തിരിക്കുകയാണിപ്പോൾ. 11,000 രൂപ ടോക്കൺ തുകയ്ക്ക് എംജി വിൻഡ്‌സർ ഇവിയുടെ ഔദ്യോഗിക ബുക്കിംഗ് 2024 ഒക്‌ടോബർ മൂന്നിന് ആരംഭിക്കും.

നാളെ രാവിലെ 7:30 മുതലാണ് ബുക്കിംഗ് ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് എംജി മോട്ടോർ ഇന്ത്യ വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്കിംഗ് നടത്താം അല്ലെങ്കിൽ അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെട്ടാലും മതിയാകും. വിൻഡ്‌സർ ഇവിയുടെ ഡെലിവറി 2024 ഒക്ടോബർ 12 മുതൽ തുടങ്ങുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മംഗളകരമായ ഉത്സവ സീസണിനോട് അനുബന്ധിച്ചുള്ള ഡെലിവറി തീയതി ആളുകൾക്കും ഏറെയിഷ്‌ടമായേക്കും. എംജി വിൻഡ്‌സർ ഇവിയുടെ എക്‌സ്‌ഷോറൂം വില 13.50 ലക്ഷം മുതൽ 15.50 ലക്ഷം വരെയാണ്. ബാറ്ററി വാടകയ്‌ക്ക് എടുക്കുന്ന BaaS ഓപ്ഷൻ വഴിയാണെങ്കിൽ ബാറ്ററി ആസ് സർവീസ് പ്രോഗ്രാമിനൊപ്പം എംജി വിൻഡ്‌സർ ഇവിയുടെ പ്രാരംഭ വില 9.99 ലക്ഷമായി കുറയും. ടോപ്പ് എൻഡ് വേരിയൻ്റിന് 11.99 ലക്ഷം രൂപയും മുടക്കിയാൽ മതിയാവും. ഇത് തെരഞ്ഞെടുക്കുന്ന ഒരാൾ കിലോമീറ്ററിന് 3.50 രൂപ ബാറ്ററി വാടക നൽകണം.

ഇന്ത്യയുടെ ആദ്യത്തെ ഇൻ്റലിജൻ്റ് സിയുവി ആയി സ്ഥാനം പിടിച്ചിരിക്കുന്ന എംജി വിൻഡ്‌സർ ഇവി ഒരു സെഡാൻ്റെ ചാരുതയും ഒരു എസ്‌യുവിയുടെ പ്രായോഗികതയുമാണ് സമന്വയിപ്പിക്കുന്നത്. ഗുജറാത്തിലെ ഹലോലിലുള്ള എംജി മോട്ടോറിൻ്റെ നിർമാണ കേന്ദ്രത്തിൽ വിൻഡ്‌സർ ഇവിയുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2017-ൽ ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ നിന്ന് എംജി മോട്ടോർ ഈ പ്ലാൻ്റ് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കലിനുശേഷം 178 ഏക്കർ വിസ്തൃതിയിൽ വലിയ നവീകരണത്തിനായി എംജി മോട്ടോർ 2,000 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്. ആജീവനാന്ത ബാറ്ററി വാറണ്ടിയോടെ വിപണിയിലെത്തുന്ന വിൻഡ്‌സറിന് വാഹന പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിൻഡ്‌സർ ഇവി നേരത്തെ വാങ്ങുന്നവർക്ക് എംജിയുടെ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ 1 വർഷത്തെ സൗജന്യ ചാർജിംഗിനും അർഹതയുണ്ട്. അങ്ങനെ മൊത്തത്തിൽ കിടിലൻ ഓഫറുകളമായി വരുന്ന മോഡൽ വിപ്ലവം രചിചില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

Also read: അടുത്തവര്‍ഷം ടൊയോട്ടയുടെ 3 എസ്‍യുവികൾ നിരത്തിലേക്ക്

കൂടാതെ വിൻഡ്‌സർ ഇവി ഉപയോഗിച്ച് 3 വർഷത്തിന് ശേഷം വിൽക്കാൻ ആണെങ്കിലും പ്രശ്നമില്ല, 60 ശതമാനം റീസെയിൽ വാല്യുവോടെ ബൈബാക്ക് ഓപ്ഷനും എംജി ഉറപ്പുനൽകുന്നുണ്ട്. 38 kWh ബാറ്ററി പായ്ക്കിലാണ് സിയുവി വിപണിയിലേക്ക് എത്തിയിരിക്കുന്നത്. സിംഗിൾ ചാർജിൽ പരമാവധി 331 കിലോമീറ്റർ വരെ റേഞ്ച് നൽകാനും വിൻഡ്സറിനാവും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാലും സംഗതി കിടുവാണ്. 3.3 kW ചാർജർ വഴി 15 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവും. അതേസമയം 7.4 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ചാർജിങ് സമയം പകുതിയായി കുറയും. ഫാസ്റ്റ് ചാർജറിന് ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാനാവുമെന്നാണ് കമ്പനി പറയുന്നത്.

Also read: ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകള്‍

എംജി വിൻഡ്‌സറിലെ ഇലക്ട്രിക് മോട്ടോർ 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായാണ് വിൻഡ്സർ വരുന്നത്. 15.6 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, കണക്റ്റിവിറ്റി ഓപ്ഷനുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഇലക്ട്രോണിക് ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് വീലിൽ ഘടിപ്പിച്ചിരിക്കുന്ന മീഡിയ കൺട്രോളുകൾ, ലെവൽ-2 ADAS, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് ഇൻ്റീരിയർ റിയർവ്യൂ മിററുകൾ എന്നീ ഗംഭീര ഫീച്ചറുകളും എംജിയുടെ ഈ വാഹനത്തിലുണ്ട്.

Top