കൊൽക്കത്ത: പ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തോടനുബന്ധിച്ച് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ‘ഗോട്ട് ടൂർ’ പരിപാടി അലങ്കോലമായ സംഭവത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. സംഭവത്തെ തുടർന്ന് മന്ത്രിക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുതാര്യമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് അരൂപ് ബിശ്വാസ് രാജിക്കത്തിൽ വിശദമാക്കിയത്.
Also Read: ആണവോർജ്ജ ബിൽ: വിതരണക്കാരുടെ ബാധ്യത ഒഴിവാക്കി, സ്വകാര്യ നിക്ഷേപം എളുപ്പമാകും
തൃണമൂൽ കോൺഗ്രസിലെ കരുത്തനും മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനുമാണ് അരൂപ് ബിശ്വാസ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിമർശനങ്ങൾക്ക് പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായാണ് രാജി എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി മമത ബാനർജി രാജി അംഗീകരിച്ചു.
ശനിയാഴ്ച നടന്ന മെസിയുടെ പരിപാടി വലിയ കോലാഹലത്തിലാണ് കലാശിച്ചത്. 15,000 രൂപ വരെ നൽകി മെസിയെ കാണാനെത്തിയ ആരാധകർക്ക് മുന്നിൽ മിനിറ്റുകൾ മാത്രമാണ് താരം ചെലവഴിച്ചത്. വെറും 20 മിനിറ്റ് മാത്രം സ്റ്റേഡിയത്തിൽ നിന്ന ശേഷം മെസി മടങ്ങിയത് ആരാധകരെ പ്രകോപിപ്പിച്ചു. സെലിബ്രിറ്റികൾ വളഞ്ഞുനിന്നതിനാൽ മെസിയെ കാണാൻ പോലും സാധിക്കാതെ വന്നതോടെ രോഷാകുലരായ കാണികൾ സ്റ്റേഡിയം നശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പരിപാടിയുടെ സംഘാടകനായിരുന്ന ശതാദ്രു ദത്ത അറസ്റ്റിലായിരുന്നു.






