കടുത്ത സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കുന്നതിനും മത്സരങ്ങൾക്ക് മുമ്പുള്ള കൃത്യമായ തയ്യാറെടുപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യൻ ബാറ്റിങ് സൂപ്പർ താരവും ട്വന്റി-20 ലോകകപ്പ് ജേതാവുമായ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൈതാനത്തിനകത്തും പുറത്തുമുള്ള ബഹളങ്ങൾ അവഗണിച്ച് മാനസിക കരുത്തോടെയിരിക്കുക എന്നതാണ് പ്രധാനം. ‘ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ്മ’ എന്ന തന്റെ ഷോയിലാണ് ‘ഹിറ്റ്മാൻ’ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
“ഒരു മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് തയ്യാറെടുപ്പുകളിലാണ് ഞാൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. നന്നായി പഠിച്ച ശേഷം പരീക്ഷയെഴുതാൻ പോകുന്നതുപോലെയാണിത്. എതിരാളികൾ ആരെല്ലാം, ബൗളർമാരുടെ ലൈനും ലെങ്തും എവിടെയാണ്, എന്നെ പുറത്താക്കാൻ അവർ ഏത് തന്ത്രമാണ് ഉപയോഗിക്കുന്നത് എന്നതൊക്കെ ഞാൻ വ്യക്തമായി പഠിക്കാറുണ്ട്. ഈ മികച്ച തയ്യാറെടുപ്പാണ് മൈതാനത്ത് കളിക്കുമ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നത്,” രോഹിത് പറഞ്ഞു.
Also Read: സ്മൃതി യുഗത്തിന് ഇന്ന് തുടക്കം! സിംബാബ്വെയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ട്വന്റി20 പോരാട്ടം
ഓരോ കളിക്കാരനും കളിയെ സമീപിക്കാനും തയ്യാറെടുക്കാനും തങ്ങളുടേതായ രീതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യക്കായി മുമ്പ് കളിച്ചവരും ഇപ്പോൾ കളിക്കുന്നതുമായ എല്ലാ ക്രിക്കറ്റർമാർക്കും അവരുടേതായ രീതികളുണ്ട്. അതിൽ ഒരു രീതിയും ശരിയോ തെറ്റോ അല്ല, കളിക്കാർ സ്വന്തം വഴി കണ്ടെത്തുക മാത്രമാണ് വേണ്ടത്,” രോഹിത് വ്യക്തമാക്കി. ഐ.സി.സി നോക്കൗട്ട് മത്സരങ്ങളിൽ 21 മത്സരങ്ങളിലെ 23 ഇന്നിംഗ്സുകളിൽ നിന്ന് 44.20 ശരാശരിയിൽ 884 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ക്യാപ്റ്റൻ എന്ന നിലയിലെ അഞ്ച് ഐ.പി.എൽ കിരീടനേട്ടങ്ങളും, 2024-ലെ ട്വന്റി-20 ലോകകപ്പിലെയും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലെയും നിർണായക പ്രകടനങ്ങളും കടുത്ത സമ്മർദ്ദഘട്ടങ്ങളിൽ രോഹിത് എത്രത്തോളം തിളങ്ങുന്നു എന്നതിന്റെ തെളിവാണ്.
2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസിനെക്കുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചും ചർച്ചകൾ സജീവമാണെങ്കിലും മിന്നുന്ന ഫോമിലാണ് താരം. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായ രോഹിത് (291 മത്സരങ്ങളിൽ നിന്ന് 12,120 റൺസ്), ഈ വർഷവും മികച്ച പ്രകടനമാണ് (50.33 ശരാശരിയിൽ 604 റൺസ്) കാഴ്ചവെക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും 225 റൺസുമായി തിളങ്ങിയിരുന്നു. നവംബർ 4 മുതൽ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ വിദേശ ഏകദിന പരമ്പരയിലും ഡിസംബർ 13-ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും വിരാട് കോഹ്ലിക്കൊപ്പം രോഹിതും കളത്തിലിറങ്ങും.






