കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ, മകൾ മീനാക്ഷി ദിലീപ് പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ സാരി അണിഞ്ഞ് പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രങ്ങളാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഓറഞ്ചും ചുവപ്പ് ബോർഡറുമുള്ള സാരിയും ചുവന്ന കുപ്പിവളകളും അണിഞ്ഞാണ് മീനാക്ഷി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ഹൃദയത്തിന്റെ ഇമോജിയോടു കൂടിയാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവെച്ചത്.
Also Read:‘മുൻചെയ്തികൾ അറിയാം, അന്ന് സംശയം തോന്നി’! ദിലീപിനോട് മാപ്പുചോദിച്ച് ആലപ്പി അഷറഫ്
ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ ഒന്നുമില്ലെങ്കിലും കമന്റ് ബോക്‌സിൽ ആരാധകരുടെ സ്‌നേഹപ്രകടനമാണ്. ‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്റെ കഥ’ എന്നും ‘ഈ ചിരി എന്നെന്നും നിലനിൽക്കണം’ എന്നുമൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങൾ. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദും ‘കൊള്ളാം’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്.
കോടതി വിധി
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാണ് കുറ്റവിമുക്തനാക്കിയത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയായിരുന്നു വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം. വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. കുറ്റക്കാർക്കുള്ള ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.






