ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണം 545 ആയി, അടിയന്തര ജാഗ്രത നിർദ്ദേശം

രോഗബാധയിൽ 80 ശതമാനവും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നത് ആരോഗ്യരംഗത്തെ ആശങ്കയിലാക്കുന്നു

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണം 545 ആയി, അടിയന്തര ജാഗ്രത നിർദ്ദേശം
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണം 545 ആയി, അടിയന്തര ജാഗ്രത നിർദ്ദേശം

ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) ബാധ രൂക്ഷമാകുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് അഞ്ചാംപനി മൂലം മരിച്ചവരുടെ എണ്ണം 545 ആയി ഉയർന്നു. മാർച്ച് 15 മുതൽ ഇതുവരെ 8,719 സ്ഥിരീകരിച്ച കേസുകളും ഏകദേശം 65,000-ത്തോളം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗബാധയിൽ 80 ശതമാനവും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നത് ആരോഗ്യരംഗത്തെ ആശങ്കയിലാക്കുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 83 ശതമാനവും വാക്സിൻ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്സിൻ എടുത്തവരോ ആണ്. ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് ഡിവിഷനുകളിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബംഗ്ലാദേശിലെ വാക്സിനേഷൻ നിരക്കിലുണ്ടായ വലിയ കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ പിഴവുകളും കാരണം 2025-ൽ വാക്സിനേഷൻ കവറേജ് 59.6 ശതമാനമായി കൂപ്പുകുത്തി. 2020-നുശേഷം രാജ്യത്ത് വിപുലമായ വാക്സിനേഷൻ യജ്ഞങ്ങൾ നടക്കാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. നിലവിൽ സ്ഥിതി നിയന്ത്രിക്കാൻ അടിയന്തര വാക്സിനേഷൻ പരിപാടികളുമായി ബംഗ്ലാദേശ് സർക്കാർ മുന്നോട്ട് പോവുകയാണ്.

Also Read:ട്രംപിന് നോ-എൻട്രി! പ്രസിഡന്റിനെ പോലും അകറ്റി നിർത്തിയ ഏരിയ 51; അമേരിക്കയുടെ ഭൂഗർഭ നഗരത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ

അതിർത്തി കടന്നുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇന്ത്യ ജാഗ്രതയിലാണ്. 2026 അവസാനത്തോടെ അഞ്ചാംപനിയും റുബെല്ലയും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ആദ്യ ഡോസ് വാക്സിൻ 93.7 ശതമാനവും രണ്ടാം ഡോസ് 92.2 ശതമാനവും പേർക്ക് നൽകിക്കഴിഞ്ഞു.

എന്താണ് അഞ്ചാംപനി (മീസിൽസ്)?

വായുവിലൂടെ പകരുന്ന അതിസാംക്രമിക വൈറസ് രോഗമാണിത്. ഉയർന്ന പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകളിലെ അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നു. ന്യുമോണിയ, വയറിളക്കം, എൻസെഫലൈറ്റിസ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ രോഗം കാരണമാകും. ഇതിന് പ്രത്യേക ചികിത്സകളില്ലാത്തതിനാൽ പ്രതിരോധ കുത്തിവയ്പ്പാണ് (വാക്സിൻ) ഏക മാർഗം. 95 ശതമാനം വാക്സിനേഷൻ കവറേജ് കൈവരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top