മലപ്പുറം: വിൽപനയ്ക്കായി ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി തവനൂർ സ്വദേശികളായ രണ്ടുപേരെ തിരൂർ ഡാൻസാഫ് സംഘവും കുറ്റിപ്പുറം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് പിടിയിലായത്.
തവനൂർ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടർന്ന് നടത്തിയ ശക്തമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Also Read: ദുബായിൽ 2.3 ടൺ ലഹരിമരുന്നുമായി 14 പ്രവാസികൾ പിടിയിൽ
പിടിയിലായവരുടെ ലഹരി ഇടപാടുകളെക്കുറിച്ചും ഇവരുമായി ബന്ധമുള്ള മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ലഹരിവസ്തു വിൽക്കാൻ സഹായിച്ചവരെയും ഇതിന് സാമ്പത്തികമായി പിന്തുണ നൽകിയവരെയും കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. എംഡിഎംഎയുടെ ഉറവിടം, ഇത് എത്തിച്ചുനൽകിയവർ, വിൽപനയിൽ പങ്കാളികളായ മറ്റ് കണ്ണികൾ എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും അനധികൃത വിൽപനയും കർശനമായി തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡുകൾ, പൊതുസ്ഥലങ്ങൾ, യുവാക്കൾ കൂടുതലായി ഒത്തുചേരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം തുടരുകയാണ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കളുടെ വിതരണം നടക്കുന്നുണ്ടോയെന്ന കാര്യം പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്നും ലഹരിവസ്തുക്കളുടെ വിൽപനയിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






