രാജ്യത്തെ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്. കോഴ്സിന് നാലര വർഷത്തേക്ക് മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ ഉത്തരവിട്ടു. അഞ്ച് മുതൽ അഞ്ചര വർഷം വരെ ഫീസ് ഈടാക്കുന്ന കോളേജുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ 2024 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എം.ബി.ബി.എസ്. അക്കാദമിക് പഠനം 4.5 വർഷമാണ്. ശേഷിക്കുന്ന ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ്പിന്റേതാണ്. ഇന്റേൺഷിപ്പ് കാലയളവിൽ അക്കാദമിക് ക്ലാസുകൾ ഇല്ലാത്തതിനാൽ ഈ സമയത്തേക്ക് ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകണമെന്നും അവരിൽ നിന്ന് അധിക ഫീസ് ഈടാക്കരുതെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് എൻ.എം.സി. ആവർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് ന്യായവും സുതാര്യവും ചൂഷണമില്ലാത്തതുമാകണമെന്ന ടി.എം.എ പൈ ഫൗണ്ടേഷൻ കേസ് ഉൾപ്പെടെയുള്ള വിധികൾ കോളേജുകൾ പാലിക്കണം.
Also Read: അസം സെബ; പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
വിദ്യാർത്ഥികളിൽ നിന്ന് അഞ്ചര വർഷത്തെ ഫീസ് വാങ്ങുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് എൻ.എം.സി.യുടെ ഇടപെടൽ. നിർദ്ദേശങ്ങൾ ലംഘിക്കുന്ന കോളേജുകൾക്കെതിരെ എൻ.എം.സി. ആക്ട് 2019 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും.






