ഡൽഹി മാളവ്യ നഗറിലുണ്ടായ വൻ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന തരത്തിൽ പരന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് പോലീസിന്റെ ഈ നിർണ്ണായക കണ്ടെത്തൽ പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ലോകേഷ് ബജാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. അപകടത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, പോലീസിന്റെ ചോദ്യം ചെയ്യലിൽ ഹോട്ടലുടമ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഹോട്ടലിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് സമ്മതിച്ച ലോകേഷ് ബജാജ്, എന്നാൽ ഹോട്ടലിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ലെന്നാണ് അവകാശപ്പെടുന്നത്. ഹോട്ടൽ നടത്താൻ താൻ മറ്റൊരാളെയാണ് ഏൽപ്പിച്ചിരുന്നതെന്നും അയാളുടെ നിർദ്ദേശപ്രകാരമാണ് കെട്ടിടത്തിൽ രൂപമാറ്റം വരുത്തിയതെന്നും ഇയാൾ മൊഴി നൽകി. ഇത്തരം അനധികൃത രൂപമാറ്റങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും എല്ലാ ഹോട്ടലുകളും ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് ഹോട്ടൽ നടത്തിയയാൾ തന്നോട് പറഞ്ഞതെന്നും ഉടമ പോലീസിനോട് പറഞ്ഞു. കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയതായി ഡൽഹി പോലീസ് അറിയിച്ചു.






