ഇന്ത്യൻ എംപിവി വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയുടെ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു. 2026 ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഏഴ് സീറ്റർ വാഹനമായി എർട്ടിഗ വീണ്ടും ഒന്നാം സ്ഥാനം അലങ്കരിച്ചു. കഴിഞ്ഞ മാസം മാത്രം 16,111 യൂണിറ്റ് എർട്ടിഗകളാണ് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയത്. 2025 ജൂണിലെ വിൽപ്പന 14,151 യൂണിറ്റുകളായിരുന്നു. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 13.9 ശതമാനത്തിന്റെ മികച്ച വളർച്ച നേടാനും വാഹനത്തിന് സാധിച്ചു. നിലവിൽ ഇന്ത്യയിലെ മൊത്തം എംപിവി വിപണിയുടെ 45 ശതമാനം വിപണി വിഹിതവും എർട്ടിഗ ഒറ്റയ്ക്ക് ഭരിക്കുന്നു എന്നുള്ളത് ഈ ഫാമിലി കാറിനുള്ള ജനപ്രീതിയുടെ തെളിവാണ്.
വിൽപ്പന പട്ടികയിൽ ടൊയോട്ടയുടെ ജനപ്രിയ മോഡലുകളായ ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ചേർന്ന് 7,332 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7 ശതമാനം വിൽപ്പന ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തുള്ള കിയ കാരെൻസ്, ക്ലാവിസ് സഖ്യം 4,847 യൂണിറ്റുകൾ വിറ്റഴിച്ചെങ്കിലും വാർഷിക വിൽപ്പനയിൽ 38.8 ശതമാനത്തിന്റെ വൻ ഇടിവ് നേരിട്ടു. അതേസമയം, മാരുതി സുസുക്കിയുടെ പ്രീമിയം 6-സീറ്റർ മോഡലായ XL6 2,711 യൂണിറ്റുകളുമായി നാലാം സ്ഥാനത്തെത്തുകയും 34.8 ശതമാനം വാർഷിക വളർച്ച നേടുകയും ചെയ്തു. എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട റൂമിയോൺ 2,376 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്താണ്.
Also Read: ഇന്ത്യൻ റെയിൽവേ ഇനി ‘ഹൈഡ്രജൻ’ കുതിപ്പിലേക്ക്; രാജ്യത്തെ ആദ്യ ഹരിത ട്രെയിൻ ട്രാക്കിലേക്ക്!
എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ 67.9 ശതമാനത്തിന്റെ വൻ വളർച്ചയാണ് റൂമിയോൺ സ്വന്തമാക്കിയത്. റെനോ ട്രൈബർ 1,871 യൂണിറ്റുകൾ (ആറാം സ്ഥാനം), മാരുതി ഇൻവിക്ടോ 349 യൂണിറ്റുകൾ (ഏഴാം സ്ഥാനം- 32.2% വാർഷിക വളർച്ച), ടൊയോട്ട വെൽഫയർ 140 യൂണിറ്റുകൾ (എട്ടാം സ്ഥാനം), കിയ കാർണിവൽ 30 യൂണിറ്റുകൾ (ഒൻപതാം സ്ഥാനം). സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയും മികച്ച ഇന്ധനക്ഷമതയുമാണ് എർട്ടിഗയെ വിപണിയിലെ രാജാവായി നിലനിർത്തുന്നത്. 1.5 ലിറ്റർ കരുത്തൻ പെട്രോൾ എഞ്ചിനൊപ്പം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. മൈലേജിന്റെ കാര്യത്തിൽ എർട്ടിഗ മുന്നിലാണ്. പെട്രോൾ പതിപ്പിന് ലിറ്ററിന് 20.3 മുതൽ 20.51 കിലോമീറ്റർ വരെയും, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 26.11 കിലോമീറ്റർ വരെയും മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ 8.80 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എർട്ടിഗയുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില. കുറഞ്ഞ ചിലവിൽ കൂടുതൽ യാത്രാസുഖവും മൈലേജും തരുന്ന മറ്റൊരു ബദൽ ഇല്ലാത്തതാണ് എർട്ടിഗയുടെ ഈ അശ്വമേധത്തിന് കാരണം.






