ഖത്തറിലെ സമുദ്രഗതാഗത മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഗതാഗത മന്ത്രാലയം പൂർണ്ണമായും പിൻവലിച്ചു. ഇതോടെ രാജ്യത്തെ വാണിജ്യ കപ്പലുകൾക്കും വിനോദസഞ്ചാര ബോട്ടുകൾക്കും മത്സ്യബന്ധന യാനങ്ങൾക്കും ഞായറാഴ്ച മുതൽ തടസ്സങ്ങളില്ലാതെ സർവീസ് നടത്താൻ അനുമതി ലഭിച്ചു. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ ഖത്തർ തീരങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്.
ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം വിനോദസഞ്ചാര ബോട്ടുകൾക്ക് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കാം. എന്നാൽ ലൈസൻസുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് ഈ സമയപരിധി ബാധകമല്ല; അവർക്ക് ഏതു സമയത്തും കടലിൽ പോകാവുന്നതാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും എല്ലാ കപ്പലുകളിലും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം , വി.എച്ച്.എഫ് റേഡിയോ തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
സമുദ്രഗതാഗതം സാധാരണ നിലയിലാകുന്നത് ഖത്തറിലെ വ്യാപാര, ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ ആശ്വാസമാകും. ചരക്കുനീക്കം സുഗമമാകുന്നതോടെ വിപണിയിൽ കൂടുതൽ ഉണർവ് പ്രകടമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സാഹചര്യം മുതലെടുത്ത് സമുദ്ര സേവന നിരക്കുകളിൽ അന്യായമായ വർദ്ധനവ് വരുത്തുന്നതിനെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിപണിയിൽ കൃത്യമായ നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.






