മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക്; പുതിയ അപ്ഡേറ്റ് പുറത്ത്

മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക്; പുതിയ അപ്ഡേറ്റ് പുറത്ത്

മലയാള സിനിമയുടെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിന് പുറമെ ഇതര ഭാഷകളിലും കസറിയ ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിച്ച് സ്വീകാര്യത വളരെ വലുതാണ്. മലയാള സിനിമയുടെ തലവര മാറ്റിയ ചിത്ര സംവിധാനം ചെയ്തത് ചിദംബരം ആയിരുന്നു. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാര്‍ത്ഥ കഥ പറഞ്ഞ ഈ സര്‍വൈവല്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. അടുത്ത മാസം മൂന്നു മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.പ്ലാറ്റ്ഫോമില്‍ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.

കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, അഭിറാം രാധാകൃഷ്ണന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Top