ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ സോഹ്റാൻ മംദാനിയുടെ വിജയം, ട്രംപിന്റെ അമേരിക്കയിൽ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് സി.പി.ഐ.(എം.) ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. മംദാനിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം തൻ്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു. “ഇന്ത്യൻ വേരുകളുള്ള ഒരാളെന്ന നിലയിൽ, നിങ്ങളുടെ വിജയം ഞങ്ങൾക്കുമൊരു അഭിമാന നിമിഷമാണ്.”എന്നാണ് അദ്ദേഹം കുറിച്ചത്.
“ലോകത്ത് തെക്കൻ മേഖലകളിലെ പുരോഗമന, ജനാധിപത്യ ശക്തികളായ ഞങ്ങൾ, സാമ്രാജ്യത്വ സൈനിക-വ്യവസായ-മാധ്യമ കൂട്ടുകെട്ടിനെതിരെ ശബ്ദമുയർത്തുമ്പോൾ, നിങ്ങളോടും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനതയോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.” കൂടാതെ, ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Also Read: സ്റ്റാലിനെതിരെ വിജയ്…! 2026-ലെ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ, വിജയം ഞങ്ങൾക്ക് ഉറപ്പ്’
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയർ സ്ഥാനത്തേക്ക് ഏകദേശം 50.4% വോട്ടുകൾ നേടിയാണ് സോഹ്റാൻ മംദാനി ചരിത്രവിജയം സ്വന്തമാക്കിയത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയുടെ ഈ വിജയം ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകരും പ്രസ്ഥാനങ്ങളും ഏറെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ന്യൂയോർക്കിലെ ആദ്യ ദക്ഷിണേഷ്യൻ വംശജനായ മേയറാണ് സോഹ്റാൻ മംദാനി.













