മലപ്പുറം: പോക്‌സോ കേസിൽ 56 ന് 140 വർഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി കോടതി. സഹോദരന്റെ പേരക്കുട്ടിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കോട്ടക്കൽ സ്വദേശിയായ 56 കാരനെയാണ് ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്. 2018ൽ കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുന്നതു മുതൽ 2020 ജനുവരി വരെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിയുടെ വീട്ടിൽ ടി വി കാണുന്നതിനും കളിക്കുന്നതിനുമായി എത്തുന്ന പെൺകുട്ടിയെ മിഠായിയും മറ്റും വാഗ്ദാനങ്ങളും നൽകി ബലാൽസംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്. കോട്ടക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിനും 366 വകുപ്പ് പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ഏഴു വർഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
പോക്സോ ആക്ടിലെ രണ്ടു വകുപ്പുകളിലും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ഒരു വകുപ്പിലും രണ്ടു വർഷം വീതം കഠിന തടവ്, 25000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ പോക്സോ ആക്ടിലെ നാലു വകുപ്പുകളിലും ശിക്ഷയുണ്ട്. ഒരോ വകുപ്പുകളിലും മുപ്പതു വർഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത വകുപ്പുകളിൽ മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. അസി. സബ് ഇൻസ്പെക്ടർമാരായ എൻ സൽമയും പി ഷാജിമോളുമായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫീസർമാർ. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.