ഓഫീസിൽ പല ആവശ്യങ്ങൾ ഉന്നയിച്ച് അവധി അപേക്ഷകൾ നൽകാറുണ്ട് എല്ലാവരും. പലരും പല കാരണങ്ങൾ പറഞ്ഞാണ് അപേക്ഷകൾ
അയക്കുന്നതും. ചിലത് സത്യസന്ധമായിരിക്കുമ്പോൾ, ചിലപ്പോൾ വ്യക്തിപരമായ കാര്യങ്ങൾ തുറന്ന് പറയാൻ മടി തോന്നിയതിനാൽ അസുഖം പോലുള്ള കാരണം ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് രസകരവും സത്യസന്ധവുമായ ഒരു അവധി അപേക്ഷയാണ്. പ്രണയിനിക്ക് വേണ്ടി ഒരു ദിവസത്തെ അവധി ചോദിച്ച യുവാവിന്റെ അപേക്ഷയാണ് കമ്പനി മാനേജർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
കാമുകി യാത്ര പോകുന്നതിന് മുൻപ് ഒരു ദിവസം അവൾക്കൊപ്പം ചെലവഴിക്കാൻ സത്യസന്ധമായി അവധി ചോദിച്ച ജീവനക്കാരൻറെ അപേക്ഷയാണ് മാനേജർ അംഗീകരിച്ചത്. ഡിസംബർ 16-ന് ഒരു ദിവസത്തെ അവധി വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരൻ തന്റെ മാനേജർക്ക് അയച്ച ഇമെയിലാണ് ശ്രദ്ധ നേടിയത്. ഡിസംബർ 17-ന് തന്റെ കാമുകി ഉത്തരാഖണ്ഡിലെ സ്വന്തം നാട്ടിലേക്ക് പോകുമെന്നും, ജനുവരി ആദ്യത്തോടെയേ തിരികെയെത്തൂവെന്നും അവൾ യാത്ര പോകുന്നതിന് മുമ്പ് ഒരു ദിവസം അവളോടൊപ്പം ചെലവഴിക്കാനാണ് അവധി ആവശ്യപ്പെടുന്നതെന്നും ജീവനക്കാരൻ എഴുതി.
ഈ അപേക്ഷ മാനേജർ അംഗീകരിക്കുകയും അതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പഴയ തൊഴിൽ സംസ്കാരത്തെക്കാൾ ഇപ്പോഴത്തെ ജോലി അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് വ്യക്തമായ കാരണങ്ങളൊന്നും പറയാതെ അവസാന നിമിഷം അസുഖ അവധി ചോദിക്കുന്നത് പതിവായിരുന്നു. എന്നാൽ ഇത്രയും തുറന്ന മനസ്സോടെ ഉള്ള അപേക്ഷകൾ അതിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘പ്രണയത്തോട് ഇല്ല പറയാൻ നമുക്ക് കഴിയുമോ’ എന്ന കുറിപ്പോടെയായിരുന്നു അവധി അംഗീകരിച്ചത്. ജീവനക്കാരന്റെ സത്യസന്ധതയും മാനേജരുടെ പ്രതികരണത്തെയും നിരവധി പേരാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രശംസിച്ചത്. തൊഴിലിടങ്ങളിൽ വിശ്വാസവും വ്യക്തമായ ആശയവിനിമയവും നിലനിൽക്കുമ്പോൾ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം രൂപപ്പെടുമെന്ന അഭിപ്രായവും പലരും പങ്കുവെച്ചു.






