കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ. കണ്ണൂർ വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും ചിത്രം ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റിന്റെതുൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാർ പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്.
Also Read: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
ഇയാൾക്കെതിരെ തീവെപ്പ്, സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ രണ്ട് കേസുകൾ നേരത്തെ ഉണ്ടായിരുന്നു. ഈ കേസിൽ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. അറസ്ററ് ചെയ്ത ശേഷം ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് ഡിലീറ്റ് ചെയ്‌തു. കുറ്റകൃത്യം ചെയ്യാൻ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.