കോഴിക്കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ താമസിക്കുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്നാണ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 28-നായിരുന്നു കേസിനാസ്പദമായ സംഭവം.
കുണ്ടായിത്തോട് ഓവുപാലത്തിന് സമീപത്തുവെച്ച് സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ്, പ്രദേശത്തെ നാൽപ്പതോളം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബേപ്പൂർ സബ് ഇൻസ്‌പെക്ടർമാരായ ജെയിൻ, മുഹമ്മദ് സബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാജിറ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.






