മമ്മൂട്ടി ജീവിതത്തിലും ഒന്നാംന്തരം ഒരു നടനാണ് എന്ന കാര്യം, അദ്ദേഹത്തിൻ്റെ നിർദ്ദേശം മാനിച്ച് കൂടിക്കാഴ്ച നടത്തിയ എസ് എഫ് ഐ ഡിവൈ എഫ് ഐ നേതാക്കൾ ഓർക്കുന്നത് നല്ലതാണ്. മമ്മൂട്ടിയെ കാണാൻ പോയ നേതാക്കളോടുള്ള സ്നേഹം കൊണ്ടല്ല മമ്മുട്ടി നിങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിരിക്കുന്നത്. നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വലുപ്പം കൊണ്ടാണ് എന്നത് മറന്ന് പോകരുത്. അതുകൊണ്ടു തന്നെ പ്രവർത്തകരുടെ വികാരം മാനിച്ച് പെരുമാറാനുള്ള ബാധ്യതയും നിങ്ങൾക്കുണ്ട്.
ഇടതുപക്ഷ അണികളെ ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുന്നത്, സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയെ മമ്മൂട്ടി അപമാനിച്ചത് മാത്രമല്ല, സി.പി.എം നേതാക്കളെയും സി.പി.എമ്മിനെയും നിരന്തരം അപമാനിക്കുന്ന രമേഷ് പിഷാരടി എന്ന താരത്തിന് പാലക്കാട് നിന്നും വിജയിക്കുന്നതിന് അവസരം ഒരുക്കിയതിന് കൂടിയാണ്. പിന്നെ മുഖ്യമന്ത്രി വിഡി സതീശന് എറണാകുളത്ത് നടന്ന സ്വീകരണത്തിലെ മമ്മൂട്ടിയുടെ പ്രകടനമെല്ലാം നമ്മൾ കണ്ടതാണല്ലോ ?
ഈ സംഭവം എല്ലാം, മമ്മൂട്ടിയുടെ ജനപ്രീതിയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ഇതുപക്ഷ അണികളിൽ. അത് തിരിച്ച് പിടിക്കാൻ ആരോ ഉപദേഷിച്ച നാടകമാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ച് തീർത്തിരിക്കുന്നത്. മമ്മൂട്ടി ഏറ്റവും ഒടുവിൽ അഭിനയിച്ച ബിഗ് ബഡ്ജറ്റ് ചിത്രം പാട്രിയേറ്റ് എട്ടു നിലയിലാണ് പൊട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇനി പുറത്തിറങ്ങാൻ പോകുന്ന 4 സിനിമകൾ കൂടി പരാജയപ്പെട്ടാൽ, മമ്മൂട്ടിക്ക് വീട്ടിൽ ഇരിക്കേണ്ടിവരും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് മമ്മൂട്ടി ഇപ്പോൾ ഇടതു പ്രീണനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇതൊരു തരം സോപ്പിടൽ പരിപാടിയാണ്. എസ് എഫ് ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാക്കൾ മമ്മൂട്ടിയെ കണ്ടെന്ന് കരുതി, മമ്മൂട്ടിയോടുള്ള മനോഭാവം മാറ്റാൻ ഇടതുപക്ഷ അണികൾ അത്ര പൊട്ടൻമാരൊന്നും അല്ലെന്ന് മമ്മൂട്ടിയുടെ പി.ആർ ടീം മനസ്സിലാക്കുന്നത് നല്ലതാണ്. മമ്മൂട്ടി എക്കാലത്തും സ്വന്തം കാര്യം മാത്രമേ നോക്കിയിട്ടൊള്ളൂ. അതിന് വേണ്ടി ഭരണത്തിലുള്ളത് ഏത് സർക്കാർ ആണെങ്കിലും ഒട്ടി നിൽക്കും. ഈ അട്ട ഒട്ടിപ്പിടിച്ച് നിൽക്കുന്നത് പോലെ തന്നെ ഒട്ടി നിൽക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കളെയൊന്നും തന്നെ ഈ മമ്മൂട്ടി പിണക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വീടിനായി കായലിലേക്ക് മണ്ണടിച്ചത് സംബന്ധമായ ആരോപണം പോലും ആവി ആയി പോയിരിക്കുന്നത്. സി.പി.എമ്മിലും കോൺഗ്രസ്സിലും മാത്രമല്ല, ബിജെപിയിലും ധാരാളം സുഹൃത്തുക്കൾ മമ്മൂട്ടിക്കുണ്ട്.
മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോകൾ വലിയ സംഭവമായി സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്ന എസ് എഫ് ഐ – ഡിവൈഎഫ്ഐ നേതാക്കൾ, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്നും , ബി ഗോപാല കൃഷ്ണനും ഒപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും കാണുന്നത് നല്ലതായിരിക്കും.
കൈരളി ചാനലിൻ്റെ ചെയർമാൻ സ്ഥാനം പോലും മമ്മൂട്ടി, അദ്ദേഹത്തിൻ്റെ സിനിമാ പ്രമോഷന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഈ വിമർശനം ഇടത് അനുകൂല മാധ്യമ പ്രവർത്തകർക്കിടയിൽ പോലും ഉണ്ട്. സി.പി.എമ്മിനും ഇടതുപക്ഷത്തിനും നാളിതുവരെയായി ഒരു ഗുണവും ഈ ചാനലിനെ കൊണ്ട് ഉണ്ടായിട്ടില്ല. ഗുണം ഉണ്ടായത് ചെയർമാനും എംഡിക്കും മാത്രമാണ്. അതുകൊണ്ടാണ് ഇടതുപക്ഷക്കാർ പോലും കാണാത്ത ചാനലായി, ചാനൽ റേറ്റിങ്ങിൻ്റെ പടുകുഴിയിൽ കൈരളി ഇപ്പോഴും വീണു കിടക്കുന്നത്.
അതുകൊണ്ട് , മമ്മൂട്ടിയോടുള്ള മനോഭാവം മാറ്റാൻ, ഇത്തരം ചെപ്പടി വിദ്യകളുമായി ആര് തന്നെ രംഗത്ത് വന്നാലും, അത് വിലപ്പോവുകയില്ല. അതിപ്പോൾ ഏത് നേതാവ് മമ്മൂട്ടിക്ക് അനുകൂലമായി പ്രതികരിച്ചാലും, അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും മമ്മൂട്ടിക്ക് ലഭിക്കാനും പോകുന്നില്ല.
യഥാർത്ഥത്തിൽ, വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മമ്മൂട്ടി ക്യാംപ് അറേഞ്ച് ചെയ്ത ഫോട്ടോ ഷൂട്ടിനെതിരെ വലിയ പ്രതിഷേധമാണ് ഇടതുപക്ഷ ഹാൻഡലുകളിൽ നിന്നും ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ പ്രതിഷേധം തണുപ്പിക്കാൻ ചില നേതാക്കൾ പരസ്യമായി ശ്രമിച്ചതും തിരിച്ചടിച്ചിട്ടുണ്ട്. ഇതോടെ മമ്മൂട്ടിയോടുള്ള എതിർപ്പിൻ്റെ ശക്തിയാണ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ മനസ്സുകൾ അവരുടെ തലച്ചോർ, ആർക്ക് മുന്നിലും പണയം വെച്ചിട്ടില്ലെന്നത്, നേതാക്കളും ഓർക്കുന്നത് നല്ലതായിരിക്കും.
EXPRESS VIEW






