മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ വാഹനപ്രേമത്തെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. മമ്മൂട്ടിയുടെ വാഹനശേഖരത്തെ അദ്ദേഹത്തിന്റെ ആരാധകരും വാഹനപ്രേമികളും 369 ഗ്യാരേജ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഗ്യാരേജിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ഒരു അത്യാഡംബര കാരവാനാണ്. താരത്തിന്റെ മറ്റ് വാഹനങ്ങള്‍ക്ക് സമാനമായി 369 എന്ന നമ്പര്‍ സ്വന്തമാക്കിയാണ് കാരവാനും സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഭാരത് ബെന്‍സിന്റെ 1017 ഷാസിയിലാണ് മമ്മൂട്ടിയുടെ അത്യാഡംബര കാരവന്‍ തീര്‍ത്തിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാഹന ശേഖരത്തില്‍ മുമ്പുണ്ടായിരുന്ന KL 07 BQ 369 എന്ന കാരവാന് പകരമായാണ് പുതിയ വാഹനം എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഗ്യാരേജിലെ രണ്ടാമത്തെ കാരവാനാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വോള്‍വോയുടെ മറ്റൊരു കാരവാന്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. കേരളത്തിലെ മുന്‍നിര കാരവാന്‍ നിര്‍മാതാക്കളായ കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് മമ്മൂട്ടിയുടെ നിര്‍ദേശം അനുസരിച്ചുള്ള ഡിസൈനില്‍ കാരവാന്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.
Also Read: വമ്പൻ ഓഫറുമായി കാവസാക്കി നിൻജ 650 ബൈക്കിന് ബമ്പർ ഓഫർ
KL 07 DG 0369-ആണ് പുതിയ കാരവാനിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. സവിശേഷമായ ഇന്റീരിയറുമായാണ് പുതിയ കാരവാന്‍ ഒരുങ്ങിയിരിക്കുന്നത്. രണ്ട് മുറികളുള്ള ഈ വാഹനത്തിന്റെ ബെഡ്‌റൂമും വിസിറ്റിങ് റൂമും പുറത്തേക്ക് എക്‌സ്റ്റെന്റ് (സ്ലൈഡ് ഔട്ട്) ചെയ്യാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതായത് വാഹനം നിര്‍ത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ സാധിക്കും. അത്യാഡംബര കാറുകളിലും മറ്റും നല്‍കുന്ന കലഹാരി ഗോള്‍ഡ് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് ഒമ്പത് മീറ്റര്‍ നീളമാണുള്ളത്.
എക്സ്റ്റീരിയര്‍ ഡിസൈനിലും പുതുമയൊരുക്കിയാണ് കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇല്ലുമിനേറ്റ് ചെയ്യുന്ന എം ലോഗോയാണ് കാരവാന്റെ മുന്നിലെ പ്രധാന ആകര്‍ഷണം. പിന്നിലും എം ലോഗോ നല്‍കുന്നുണ്ട്. പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, വോള്‍വോയുടെ റിയര്‍വ്യൂ മിററുകള്‍, കണക്ടഡ് എല്‍ഇഡി ടെയ്ല്‍ലാമ്പ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.