ടര്‍ബോ ഡബ്ബിങ്ങിന് മമ്മൂട്ടി എത്തി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടര്‍ബോ ഡബ്ബിങ്ങിന് മമ്മൂട്ടി എത്തി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദിവസങ്ങള്‍ ഓരോന്ന് പിന്നിടുമ്പോഴും ടര്‍ബോയുടെ പുത്തന്‍ അപ്‌ഡേറ്റുകളാണ് പുറത്ത് വരുന്നത്. സിനിമയുടെ ഡബ്ബിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടി ഡബ്ബിങിനെത്തുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് തിയേറ്ററുകളില്‍ ആരവം തീര്‍ക്കുന്ന മമ്മൂട്ടി മാജിക്ക് ടര്‍ബോയിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

വിയറ്റ്‌നാം ഫൈറ്റേഴ്‌സ് ആണ് ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്‌നാം ഫൈറ്റേഴ്‌സ് എത്തുന്നത് അപൂര്‍വ്വമായ കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷയ്ക്ക് അപ്പുറമാകും ടര്‍ബോയിലെ ഫൈറ്റ് സ്വീക്വന്‍സുകള്‍ എന്നത് ഉറപ്പാണ്. ജൂണ്‍ 13 നാണ് സിനിമയുടെ റിലീസ്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’ ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതില്‍ ചിത്രീകരിക്കാം. ‘ട്രാന്‍ഫോര്‍മേഴ്സ്’, ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില്‍ ‘പഠാന്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പര്‍സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷത്തില്‍ ടര്‍ബോയില്‍ ഉണ്ടാകും.

Top