മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; പടം മെയ് മാസം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; പടം മെയ് മാസം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

മ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. മെയ് 15 ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2010ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിര്‍മ്മാതാവുമായിരുന്നു പൃഥ്വിരാജ്.അതേസമയം ടര്‍ബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുന്‍ മാനുവല്‍ തോമസാണ്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നവാഗതനായ ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിന്‍.

Top