‘പാവപ്പെട്ടവര്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ കുട്ടികളുണ്ടാകും’; മോദിയ്ക്കെതിരെ ഖര്‍ഗെ

‘പാവപ്പെട്ടവര്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ കുട്ടികളുണ്ടാകും’; മോദിയ്ക്കെതിരെ ഖര്‍ഗെ

റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ മംഗലസൂത്രത്തെയും മുസ്ലീങ്ങളെയും വിഷയമാക്കുന്നതില്‍ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ‘ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നു, ഇക്കാരണത്താല്‍, അദ്ദേഹം എപ്പോഴും മംഗലസൂത്രത്തെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നിങ്ങളുടെ സമ്പത്ത് ഞങ്ങള്‍ മോഷ്ടിച്ച് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറയുന്നു. പാവപ്പെട്ടവര്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ കുട്ടികളുണ്ടാകും. മുസ്ലീങ്ങള്‍ക്ക് മാത്രമേ കൂടുതല്‍ ഉള്ളൂ? എനിക്ക് അഞ്ച് കുട്ടികളുണ്ട്’ ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍-ചമ്പ ജില്ലയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഖര്‍ഗെ പറഞ്ഞു.

കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ നടന്ന ഒരു റാലിയില്‍ മോദി നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ചാണ് ഖര്‍ഗെയുടെ ഈ വാക്കുകള്‍. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍, രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം അവര്‍ സമ്പത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്നല്ലേ എന്നായിരുന്നു മേദി പറഞ്ഞത്.

‘1948 ല്‍ എന്റെ വീടിന് തീവെച്ചപ്പോള്‍ അമ്മയും അമ്മാവനും മരിച്ചു. ഞാന്‍ മാത്രമാണ് ഏക മകന്‍. എല്ലാവരും മരിച്ചു. ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടത്, ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് എന്റെ മകനെ കാണാന്‍ വേണ്ടി മാത്രമാണെന്ന് എന്റെ പിതാവ് പറഞ്ഞു. അതിനാല്‍, പാവപ്പെട്ടവര്‍ക്ക് പണമുണ്ടാവില്ല, കുട്ടികളുണ്ടാവും. എന്തുകൊണ്ടാണ് മോദി മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിടുന്നത്? മുസ്ലീങ്ങള്‍ അവരുടെ രാജ്യത്താണ് ജീവിക്കുന്നത്. അവര്‍ ഇന്ത്യക്കാരാണ്. സഹോദരന്മാരേ, ബിജെപിയെ വിശ്വസിക്കരുത്. നമുക്ക് ഒരുമിച്ച് രാജ്യം കെട്ടിപ്പടുക്കാം. ഈ രാജ്യത്തെ തകര്‍ക്കരുത്.’ ഖര്‍ഗെ പറഞ്ഞു.

55 വര്‍ഷമായി രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുണ്ടെന്നും ആരുടെയും മംഗലസൂത്രം മോഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങള്‍ നിര്‍ബന്ധിതമായി നികുതി ചുമത്തുകയും ഇഡിയെയും സിബിഐയെയും ദുരുപയോഗം ചെയ്ത് ആളുകളെ ജയിലിലടയ്ക്കുകയും ചെയ്തോ. സോണിയ ഗാന്ധിജി ധൈര്യം കാണിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം കൊണ്ടുവന്നു.ബിജെപി അത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചോ? ഭക്ഷ്യസുരക്ഷാ നിയമവും ഞങ്ങള്‍ കൊണ്ടുവന്നു. ഇത് ഞങ്ങളുടെ ഗ്യാരണ്ടിയാണെന്ന് ഞങ്ങള്‍ പറഞ്ഞില്ല, പക്ഷേ രാജ്യത്ത് ആരും പട്ടിണി കിടക്കാതിരിക്കാന്‍ ഞങ്ങള്‍ ഇത് ചെയ്തു, കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരോട് മോദിയെ താരതമ്യപ്പെടുത്താനാവില്ല. ഇങ്ങനെയുള്ള ഒരാളെ (മോദി) നിങ്ങള്‍ക്ക് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജീവ് ഗാന്ധിജി എന്നിവരുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? അവരുമായി താരതമ്യം ചെയ്യുമ്പോള്‍ മോദി ഒന്നുമല്ല. അവര്‍ രാജ്യത്തിന് സ്റ്റീല്‍ ഫാക്ടറികളും കല്‍ക്കരി ഖനികളും അണക്കെട്ടുകളും പൊതുമേഖലയും നല്‍കി. സംരംഭങ്ങള്‍ നല്‍കി. നിങ്ങള്‍ എന്തുചെയ്യുന്നുവെന്നും ഖര്‍ഗെ ചോദിച്ചു.

Top