രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ മലയാളികളുടെ പ്രിയ താരം ശോഭനയും. താരം തന്നെയാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തിയ ഒരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു കൊണ്ടാണ് ശോഭന എത്തിയത്. അതേസമയം ചിത്രത്തിൽ ശോഭനയും ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകർ.
രാവണന്റെ അമ്മയായിട്ടാണ് ശോഭന എത്തുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായി പല്ലവിയും രാവണനായി യാഷുമാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ വൻ താര നിരയാണ് അഭിനയിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയിലാകും റിലീസ് ചെയ്യുക. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘രാമായണ’ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്.