മധ്യേഷ്യയിലെയും യൂറോപ്പിലെയും യുദ്ധ വാർത്തകൾക്കിടയിൽ ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും കൂട്ട പാലായനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകാൻ പാടുള്ളതല്ല. നിലവിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊസാമ്പിക്കിൽ നടക്കുന്ന ആഭ്യന്തര അസ്വസ്ഥതകളെ തുടർന്ന് ആയിര കണക്കിന് ആളുകളാണ് മലാവി പോലുള്ള അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് മൊസാമ്പിക്ക് ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യാപകമായ പ്രതിഷേധത്തിലേക്കും അക്രമത്തിലേക്കും മരണത്തിലേക്കും വരെ കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. പ്രകടനങ്ങൾ അടിച്ചമർത്താൻ സുരക്ഷാ സേന നടത്തിയ വെടിയുണ്ടകളും കണ്ണീർ വാതകവും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ നിരവധിപേരാണ് ഇതിനോടകം തന്നെ കൊല്ലപ്പെട്ടിരിക്കുന്നത്.
മൊസാമ്പിക്കിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. പ്രതിഷേധക്കാർ സാധാരണക്കാരുടെ വീടുകളും കടകളുമൊക്കെ കത്തിച്ച് കളഞ്ഞതോടെ ഉപജീവന മാർഗം പോലും നഷ്ടപ്പെട്ട് ജനം മറ്റ് രാഷ്ട്രങ്ങളിലേക്ക് ഓടിപ്പോവുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മലാവിയിലേക്ക് കടന്ന അഭയാർത്ഥികളുടെ എണ്ണം ഏകദേശം 13000 ആണ്. ഇതൊരു ചെറിയ സംഖ്യ ആണെങ്കിൽക്കൂടി 1990 കളിൽ ആഫ്രിക്കയിൽ നടന്ന ആഭ്യന്തര കലാപവും കൂട്ട പാലായനത്തേയുമാണ് ഇത് അനുസ്മരിപ്പിക്കുന്നത്.
2024 ഒക്ടോബർ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഒപ്റ്റിമിസ്റ്റ് പാർട്ടിയുടെ വെനാൻസിയോ മൊണ്ട്‌ലെയ്നിനെതിരെ ഫ്രെലിമോ പാർട്ടി സ്ഥാനാർത്ഥിയായ ഡാനിയൽ ചാപ്പോ തിരഞ്ഞെടുക്കപ്പെട്ടതു മുതലാണ് മൊസാമ്പിക്കിലെ പ്രശ്നങ്ങൾ തുടങ്ങുന്നത്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ച് കൊണ്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ നാളിത് വരെ ശമിച്ചിട്ടില്ല. കലാപങ്ങളുടെ മറവിൽ നടക്കുന്ന മനുഷ്യ നാശത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധ സ്വരം ഉയർന്ന് കേൾക്കുന്നുണ്ട്.
Also Read: യുക്രെയ്നെ പറ്റിച്ച് അമേരിക്ക, എല്ലാം വെറും വാഗ്ദാനം
രാഷ്ട്രീയ പ്രഷുബ്ദതയുടെ മറവിൽ ഒരു കൂട്ടം ആളുകൾ രാജ്യത്തെ പൗരൻമാരുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരം ആളുകൾ അഴിച്ച് വിടുന്ന ആക്രമണങ്ങളാണ് കൂട്ട പാലായനത്തിലേക്ക് വഴി തെളിച്ചത്. ഇത്തരത്തിൽ പാലായനം ചെയ്യപ്പെട്ട മനുഷ്യർ അയൽ രാജ്യമായ മലാവിയിലേക്കാണ് എത്തിപ്പെടുന്നത്. കടുത്ത ദാരിദ്യത്തിലാണെങ്കിലും അവർ മൊസാമ്പിക് ജനതയെ ഇരു കൈകളും നീട്ടി സ്വീകരിച്ചു എന്നത് ഒരു തരത്തിൽ ആശ്വാസമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ദരിദ്ര അവസ്ഥയിലൂടെയാണ് മലാവി കടന്നു പോകുന്നത്. കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയിലെ വെല്ലുവിളികളും സൃഷ്‍ടിക്കുന്ന വലിയ ഭക്ഷ്യ പ്രതിസന്ധി ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മൊസാമ്പിക് അഭയാർത്ഥികളോട് അവർ അനുകമ്പ കാണിച്ചിട്ടുണ്ടെങ്കിലും കൂടുതൽ അഭയാർത്ഥികൾ എത്തുന്നത് സ്ഥിതിഗതികൾ വഷളാക്കും. കുടിയേറ്റത്തെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനും മലാവിയിലെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രാദേശിക സ്രോതസ്സുകളെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
Also Read: ഇസ്രയേലിന് ഇനി കഷ്ടകാലം, സർവ്വ സന്നാഹവുമായി ഇറാൻ
മൊസാമ്പിക് തുറമുഖത്തെയാണ് ഇന്ധന ഇറക്കുമതിക്കായി മലാവി പ്രധാനമായും ആശ്രയിക്കുന്നത്. മൊസാമ്പിക്കിലെ രാഷ്ട്രീയ പ്രഷുബ്ദത വർധിച്ചതോടെ ഇറക്കുമതി തടസ്സപ്പെട്ടു. തത്ഫലമായുണ്ടാകുന്ന ഇന്ധനക്ഷാമം മലാവിയിലെ ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. അവർ ഇപ്പോൾ നീണ്ട ക്യൂവും ഇന്ധനക്ഷാമവും നേരിടുന്നു. ലഭ്യമായ വളരെ പരിമിതമായ ഇന്ധനത്തിനായി മലാവിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ്. ഇന്ധന ക്ഷാമം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെക്കൂടി തകരാറിലാക്കുന്ന ഗുരുതര സ്ഥിതി വിശേഷമാണ് ഇപ്പോൾ മലാവിയിലുള്ളത്. സാഹചര്യം ലഘൂകരിക്കുന്നതിന്, മലാവി ഗവൺമെൻ്റിന് ബദൽ ഇന്ധന സ്രോതസ്സുകൾ പര്യവേക്ഷണം ചെയ്യേണ്ടതായി വന്നേക്കാം. സ്ഥിരമായ ഇന്ധന വിതരണം ഉറപ്പാക്കാൻ അയൽരാജ്യങ്ങളുമായി ചർച്ച നടത്തുക, അല്ലെങ്കിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികൾ നടപ്പിലാക്കുക ഇതല്ലാതെ മറ്റ് മാർഗങ്ങൾ അവർക്ക് മുന്നിലില്ല.
മലാവിയിലെ ജില്ലാ കൗൺസിൽ, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അഫയേഴ്‌സ് വകുപ്പുമായും യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ) പോലുള്ള മാനുഷിക സംഘടനകളുമായും സഹകരിച്ച് മൊസാംബിക്കിൽ അക്രമത്തിൽ നിന്ന് പാലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് അഭയം നൽകുന്നതിന് അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്.
Also Read: റഷ്യയെ ചൊറിഞ്ഞ് പണി വാരിക്കൂട്ടി, ഭയപ്പാടിൽ സെലെൻസ്കി
സ്കൂളുകളിലും ടെന്റുകളിലുമൊക്കെ താൽകാലിക വാസസ്ഥലങ്ങൾ ഒരുക്കി അവർ അഭയാർത്ഥികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അഭയാർത്ഥി പ്രതിസന്ധിയോടുള്ള മലാവിയൻ ഗവൺമെൻ്റിൻ്റെ പ്രതികരണത്തെ പിന്തുണയ്ക്കുന്നതിൽ യുഎൻഎച്ച്സിആറിൻ്റെയും മറ്റ് മനുഷ്യാവകാശ സംഘടനകളുടെയും പങ്കാളിത്തം നിർണായകമാണ്. ഈ സംഘടനകൾ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും അഭയാർഥികൾക്ക് അവശ്യ സേവനങ്ങൾ നൽകുന്നതിനും വിലയേറിയ വൈദഗ്ധ്യം, വിഭവങ്ങൾ, ധനസഹായം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്.
സ്ഥിതിഗതികൾ വികസിക്കുന്നത് തുടരുമ്പോൾ, പ്രാദേശിക സമൂഹവും സർക്കാർ ഏജൻസികളും അന്താരാഷ്ട്ര സംഘടനകളും ദുരിതബാധിതർക്ക് പിന്തുണയും സഹായവും നൽകാൻ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. പാലായനത്തെ തുടർന്ന് വേർപെട്ടുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള റെഡ് ക്രോസ് സംഘടനയുടെ മാനുഷ്യത്വപരമായ സമീപനം പോലും അഭിനന്ദനാർഹമാണ്. മലാവിയിലെ ഹോംലാൻഡ് സെക്യൂരിറ്റി മന്ത്രാലയം രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് പാലായനം ചെയ്യുന്ന അഭയാർത്ഥികളുടെ ഒഴുക്ക് പരിഹരിക്കുന്നതിന് സജീവമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സാഹചര്യം നന്നായി മനസ്സിലാക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായി യുഎൻ ഏജൻസികളുമായും ഇൻ്റർനാഷണൽ റെഡ് ക്രോസുമായും ഒരു സംയുക്ത വിലയിരുത്തൽ നിലവിൽ നടക്കുന്നുണ്ട്.
Also Read: പുതിയ അമേരിക്കയുമായി ട്രംപ്, വെറും വ്യാമോഹമെന്ന് കാനഡ
അഭയാർത്ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചരിത്രം മുൻപും മലാവിക്കുണ്ടായിട്ടുണ്ട്. പക്ഷെ അയൽ രാജ്യങ്ങളിലെ സംഘർഷങ്ങൾ മലാവിയെ ശ്വാസം മുട്ടിക്കുകയാണ്. പോഷകാഹാര കുറവ്, ശുചിത്വം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ക്യാമ്പുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഇവ പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നതിന് കാരണമാകും. നിലവിലെ മോശം സാമ്പത്തികാവസ്ഥയിൽ രോഗങ്ങൾ കൂടി താങ്ങാൻ മലാവിക്ക് കഴിഞ്ഞെന്ന് വരില്ല. നിലവിൽ അഭയാർത്ഥികളെ പാർപ്പിക്കുന്നതിനായി 46 ഏക്കർ ഭൂമിയാണ് മലാവി അനുവദിച്ചിരിക്കുന്നത്. മലാവിയുടെ സാമ്പത്തിക സ്ഥിതി വച്ച് ദീർഘ കാലം ഇവരെ സംരക്ഷിക്കുക സാധ്യമല്ല.
അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനൊപ്പം മൊസാമ്പിക്കിലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടി അവസാനിപ്പിക്കാൻ ബാഹ്യ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. നിലവിൽ ഭരണകക്ഷിയായ ഫ്രെലിമോ പാർട്ടിയുടെ ഡാനിയൽ ചാപ്പോ ജനുവരി 15 ന് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് രണ്ട് മാസത്തിലേറെയായി മാറിനിന്ന മോണ്ട്‌ലെയ്ൻ തിരികെ എത്തിയത്. മൊസാമ്പിക്കിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വീഡിയോ കാണാം …