മലബാറില്‍ പ്ലസ് വണ്‍ അധിക സീറ്റുകള്‍ വേണം; അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎല്‍എമാര്‍ നാളെ മുഖ്യമന്ത്രിയെ കാണും

മലബാറില്‍ പ്ലസ് വണ്‍ അധിക സീറ്റുകള്‍ വേണം; അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎല്‍എമാര്‍ നാളെ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: മലബാറില്‍ പ്ലസ് വണ്‍ അധിക സീറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കന്‍ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി. സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎല്‍എമാര്‍ നാളെ മുഖ്യമന്ത്രിയെ കാണും.

പ്ലസ് വണ്‍ പ്രവേശനത്തിന് കാലങ്ങളായി മലബാര്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് സമരം കടുപ്പിക്കുന്നത്. അധിക ബാച്ചുകള്‍ക്ക് പകരം മാര്‍ജിനില്‍ സീറ്റ് വര്‍ധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്. മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ ആകുന്ന തീരുമാനത്തിനെതിരെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നാളെ ലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണുന്നത്.

കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധം ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി E T മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ മൂലധനമായ വിദ്യാര്‍ത്ഥികളെ ഇരിക്ക കൊല്ലുകയാണ് ഇടതു സര്‍ക്കാരന്നു ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.പാലക്കാട് കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് മുസ്‌ളീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. നിയമസഭ സമ്മേളനം തുടങ്ങിയാല്‍ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാനും ലീഗിന് ആലോചനയുണ്ട്.സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം സജീവമാക്കാനാണ് ലീഗിന്റെ നീക്കം.

Top