പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ രണ്ട് കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. 150 ഓഫീസർമാരുൾപ്പെടെ 1350 പൊലീസുകാരെയാണ് വിവിധ പോയന്റുകളിലായി നിയോഗിക്കുക.
അപകട സാധ്യതയേറിയ ഇടങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. ഭക്തർക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും ഒരുക്കും. പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ ചാലകം ഒരുക്കി. മകരവിളക്ക് ദിവസം ബി.എസ്.എൻ.എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും. കുമളിയിൽ നിന്ന് 50 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും.
Also Read: ‘ക്ഷയരോഗ മുക്ത കേരളത്തിനായി കൈകോര്ക്കണം; മന്ത്രി ഒ.ആർ കേളു
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓൺലൈനായി ചേർന്നു. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ,സബ് കളക്ടർ അനൂപ് ഗാർഗ് , പെരിയാർ കടുവ സങ്കേതം വെസ്റ്റ് വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.