കോഴിക്കോട്: ഒരുകാലത്ത് ഇടതിന്റെ ശക്തികേന്ദ്രമായി വിശേഷിപ്പിച്ചിരുന്ന കോഴിക്കോട് സിപിഎമ്മിന് തുടർച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടികൾ നൽകിയതോടെ തിരുത്തൽ നടപടികൾക്ക് തുടക്കം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം വിപുലീകൃത ജില്ലാ കമ്മിറ്റിക്കും കോഴിക്കോട് തുടക്കമായത്. കുത്തക പഞ്ചായത്തുകൾ ഉൾപ്പെടെ കൈവിട്ടതും നിയമസഭാ തിരഞ്ഞെടുപ്പിൽ 13ൽ 12 സീറ്റുകളും നഷ്ടപ്പെട്ടതും പാർട്ടിക്കുള്ളിൽ ഗൗരവമായ വിലയിരുത്തലുകൾക്ക് വഴിവെച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന വിലയിരുത്തലും ഉയരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ തിരിച്ചടിയുടെ സൂചനകൾ ഉണ്ടായിരുന്നുവെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. പാർട്ടിയുടെ മേയർ സ്ഥാനാർഥി ഉൾപ്പെടെ പരാജയപ്പെട്ടിട്ടും മുന്നറിയിപ്പുകൾ നേതൃത്വം വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ജില്ലാ സെക്രട്ടറി എം. മെഹബൂബ് കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിർണായകമായ ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകന്നതായി തുറന്ന് സമ്മതിച്ചിരുന്നു. പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലെ അപ്രതീക്ഷിത പരാജയങ്ങളും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ALSO READ;20 വർഷം പഴക്കമുള്ള പരാതി വീണ്ടും തുറക്കുന്നു..! ഗ്യാനേഷ് കുമാറിനെതിരേ വിജിലൻസ് അന്വേഷണം
കഴിഞ്ഞ കുറേക്കാലമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ വലത്തോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്തോട്ടും ചായുന്ന ജില്ലയായിരുന്നു കോഴിക്കോട്. എന്നാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വലിയ തിരിച്ചടിയായി. നേതൃത്വത്തിൽനിന്ന് വിവിധ ഘട്ടങ്ങളിൽ ഉണ്ടായ മലപ്പുറം വിരുദ്ധ പ്രസ്താവനകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ന്യൂനപക്ഷ വിരുദ്ധമാണെന്ന പൊതുബോധം എതിരാളികൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞെന്നും അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നുമാണ് യോഗത്തിലെ പ്രധാന വിമർശനം. ഇത് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വിലയിരുത്തലുണ്ട്. സിപിഎം ബിജെപിയുടെ ചെറുപതിപ്പാണെന്ന എതിരാളികളുടെ പ്രചാരണത്തെയും വേണ്ട രീതിയിൽ നേരിടാൻ കഴിഞ്ഞില്ലെന്നും, ഇതോടെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന ചില ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് മാറിയെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
നാദാപുരത്തെ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പരാജയസാധ്യത സംബന്ധിച്ച് താഴെത്തട്ടിൽനിന്ന് ലഭിച്ച മുന്നറിയിപ്പുകൾ പരിഗണിക്കാതിരുന്നതും തിരിച്ചടിയുടെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിലരുടെ പിടിവാശിക്ക് വഴങ്ങി തീരുമാനങ്ങൾ നടപ്പാക്കിയെന്ന വിമർശനവും ഉയർന്നു. വർഷങ്ങളായി ഇടതിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം നഷ്ടപ്പെടുന്നതിലേക്ക് ഇത് നയിച്ചെന്നും വിലയിരുത്തലുണ്ട്. തുടർച്ചയായ തിരിച്ചടികളുടെ കാരണങ്ങൾ പരിശോധിച്ച് സംഘടനാതലത്തിൽ ആവശ്യമായ തിരുത്തലുകൾ കൊണ്ടുവരികയും അകന്നുപോയ വിഭാഗങ്ങളെ തിരിച്ചെത്തിക്കുകയുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കോഴിക്കോട് സിപിഎമ്മിന്റെ പഴയ ശക്തി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇനി എത്രത്തോളം ഫലം കാണുമെന്നതാണ് ശ്രദ്ധേയം.






