സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്ന സെൻസർ ബോർഡിന്റെ പുതിയ സമിതിയിൽ ഇത്തവണ എത്തുന്നത് സിനിമാ-സാംസ്കാരിക രംഗത്തെ ശ്രദ്ധേയരായ നിരവധി പേർ. മലയാളി സംവിധായകൻ പ്രിയദർശൻ, ബോളിവുഡ് താരം പ്രീതി സിന്റ എന്നിവരുൾപ്പെടെ 18 പേരെയാണ് കേന്ദ്ര സർക്കാർ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) പുതിയ അംഗങ്ങളായി നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് പുതിയ സമിതിയുടെ കാലാവധി.
പുതിയ സമിതിയിൽ പ്രിയദർശനും പ്രീതി സിന്റയ്ക്കും പുറമെ നടന്മാരായ പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, മനോജ് ജോഷി, പല്ലവി ജോഷി, രൂപാലി ഗാംഗുലി, പ്രസൻജിത് ചാറ്റർജി എന്നിവരും ഉൾപ്പെടുന്നു. ഗായകനും എംപിയുമായ ഹൻസ്‌രാജ് ഹൻസ്, സംവിധായകൻ നീലാമദ പാണ്ട, അഭിഷേക് ജയൻ, വിനോദ് അനുപം, സംഗീതജ്ഞൻ റിക്കി കെജ്, സുപ്രിയ യാർലഗഡ്ഡ, ഗാനരചയിതാവ് യതീന്ദ്ര മിശ്ര, നിഷിഗന്ധ വാഡ്, വാമൻ കേന്ദ്രെ, രമേഷ് പട്ടൻകെ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ALSO READ:പ്രശ്നം ശരീരത്തിലല്ല, നോക്കുന്ന കണ്ണിലാണ്..! കത്രീനയുടെ പുതിയ ലുക്കിന് നേരെ വിമർശനം
ചലച്ചിത്ര-സാംസ്കാരിക മേഖലകളിലെ വ്യത്യസ്ത രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് പുതിയ 18 അംഗ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. സിനിമകളുടെ പൊതുപ്രദർശനത്തിനുള്ള സർട്ടിഫിക്കേഷൻ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമപരമായ സ്ഥാപനമാണ് CBFC. സർട്ടിഫിക്കേഷൻ ലഭിച്ചതിന് ശേഷമാണ് ഇന്ത്യയിൽ സിനിമകൾ പൊതുവായി പ്രദർശിപ്പിക്കാൻ കഴിയുക.
പുതിയ അംഗങ്ങളുടെ നിയമനം ഉടൻ പ്രാബല്യത്തിൽ വരും. അടുത്ത മൂന്ന് വർഷത്തേക്കാണ് സമിതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സിനിമാ സർട്ടിഫിക്കേഷൻ നടപടികളിൽ നിർണായക പങ്കുവഹിക്കുന്ന ബോർഡിലേക്ക് സിനിമ, സംഗീതം, സാഹിത്യം, കല തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തുന്നതാണ് പുതിയ പുനഃസംഘടനയുടെ പ്രധാന പ്രത്യേകത.






