സനയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമൻ സർക്കാരും സൗദി അറേബ്യയും ചേർന്ന് വൻ സൈനിക നീക്കത്തിന് തുടക്കമിട്ടതായി യെമൻ സർക്കാർ അറിയിച്ചു. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ‘യെമൻ ഡോൺ’ എന്ന പേരിലാണ് സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. നൂറിലധികം യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായും യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള നൂറിലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായാണ് സഖ്യസേനയുടെ അവകാശവാദം. ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നും സഖ്യസേന വ്യക്തമാക്കി. യെമൻ തലസ്ഥാനമായ സനയെ ഹൂതി നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുക, ഭരണകൂട സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക, ഹൂതികളുടെ അട്ടിമറി അവസാനിപ്പിക്കുക എന്നിവയാണ് സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് യെമൻ സർക്കാർ അറിയിച്ചു.
ALSO READ:ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തവരെയെല്ലാം പിന്തുടരും..! ‘ഹമാസിന് ഗാസയിൽ ഇനി ഭരണമില്ലെന്ന് നെതന്യാഹു
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ സായുധസേന ‘സ്ട്രാറ്റജിക് ഒഫൻസീവ്’ ആരംഭിച്ചതായും സേന വ്യക്തമാക്കി. നിലവിൽ സനയ്ക്കൊപ്പം ജനസാന്ദ്രത കൂടുതലുള്ള വടക്കുപടിഞ്ഞാറൻ യെമൻ മേഖലകളിലും ഹൂതികൾക്ക് നിയന്ത്രണമുണ്ട്. അതേസമയം, ചെങ്കടലിലേക്കുള്ള പ്രധാന കടൽപാതയായ ബാബ് അൽ മൻദേബ് കടലിടുക്ക് മേഖലയിലും സൈനികർക്ക് വ്യോമസുരക്ഷ ഒരുക്കുന്നുണ്ടെന്ന് സൗദി സഖ്യസേന അറിയിച്ചു.
ചെങ്കടലിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഹൂതികളുടെ ആക്രമണങ്ങൾ നേരത്തെ തന്നെ പ്രാദേശികവും അന്തർദേശീയവുമായ ആശങ്കകൾക്ക് കാരണമായിരുന്നു. അതിനിടെയാണ് സനയെ കേന്ദ്രീകരിച്ച് യെമൻ സർക്കാരും സൗദി സഖ്യസേനയും പുതിയ സൈനിക നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള നീക്കം ശക്തമാകുന്നതോടെ യെമനിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.






