ഇന്ത്യൻ റെയിൽവേയിൽ വൻ വികസനം; 23,437 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾക്കും ഈ റെയിൽവേ വികസനം വഴിയൊരുക്കും

ഇന്ത്യൻ റെയിൽവേയിൽ വൻ വികസനം; 23,437 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഇന്ത്യൻ റെയിൽവേയിൽ വൻ വികസനം; 23,437 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, രാജ്യത്തെ റെയിൽവേ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 23,437 കോടി രൂപയുടെ മൂന്ന് ബൃഹദ് പദ്ധതികൾക്ക് അംഗീകാരം നൽകി. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ വഴി ഇന്ത്യൻ റെയിൽവേയുടെ ദൈർഘ്യം 901 കിലോമീറ്റർ വർദ്ധിക്കും. നാഗ്ഡ-മഥുര, ഗുണ്ടക്കൽ-വാടി, ബർഹ്വാൾ-സീതാപൂർ എന്നീ പാതകളിൽ മൂന്നും നാലും ലൈനുകൾ നിർമ്മിക്കുന്ന ഈ പ്രവർത്തികൾ 2030-31 സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഏകദേശം 4,161 ഗ്രാമങ്ങളിലെ 83 ലക്ഷത്തോളം ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കും. മഹാകാലേശ്വർ, മഥുര, വൃന്ദാവനം തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും രൺതംബോർ, കുനോ തുടങ്ങിയ ദേശീയ പാർക്കുകളിലേക്കും റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകും. കൂടാതെ, കൽക്കരി, സിമന്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുകളുടെ നീക്കം സുഗമമാക്കുന്നതിലൂടെ പ്രതിവർഷം 60 ദശലക്ഷം ടൺ അധിക ചരക്ക് ഗതാഗതം കൈവരിക്കാൻ റെയിൽവേയ്ക്ക് സാധിക്കും.

Also Read; ഇത് വെറുമൊരു കപ്പലല്ല, ഇന്ത്യയുടെ സമുദ്രാധിപത്യ പ്രഖ്യാപനം; പ്രോജക്ട് 17A-യുടെ കരുത്ത്…

സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾക്കും ഈ റെയിൽവേ വികസനം വഴിയൊരുക്കും. ചരക്ക് നീക്കം റെയിൽവേയിലേക്ക് മാറുന്നതിലൂടെ ഏകദേശം 37 കോടി ലിറ്റർ എണ്ണ ഇറക്കുമതി കുറയ്ക്കാനും 185 കോടി കിലോഗ്രാം കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സാധിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഏഴ് കോടി മരങ്ങൾ നടുന്നതിന് തുല്യമായ ഈ നേട്ടം രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണ്ണായകമാകും. ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനൊപ്പം ട്രെയിനുകളുടെ സമയക്രമം പാലിക്കാനും സേവനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ഈ ശേഷി വർദ്ധിപ്പിക്കൽ സഹായിക്കും.

Share Email
Top