കാസർഗോഡ് ജില്ലയിൽ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (എംഎസ്എഫ്) വൻ കൂട്ടരാജി. ജില്ലാ ട്രഷറർ, വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെ അഞ്ച് പ്രധാന ഭാരവാഹികളാണ് ഒരേസമയം സംഘടനയുടെ പദവികളിൽ നിന്ന് രാജിവെച്ചത്. സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ജില്ലാ പ്രതിനിധിയെ നിർദേശിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് ഈ കൂട്ടരാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ജില്ലാ കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ച പ്രതിനിധിയെ അവസാന നിമിഷം ഒഴിവാക്കിയതാണ് ഒരു വിഭാഗം നേതാക്കളെ കടുത്ത പ്രകോപനത്തിലാക്കിയത്. ജില്ലാ കൗൺസിലിന്റെ കൂട്ടായ തീരുമാനങ്ങളെയും ജനാധിപത്യ രീതികളെയും ജില്ലാ നേതൃത്വം പൂർണ്ണമായും അട്ടിമറിച്ചെന്ന ശക്തമായ ആക്ഷേപവും വിമർശനവും രാജിവെച്ച വിഭാഗം ഉന്നയിക്കുന്നുണ്ട്.
Also Read:100 ദിവസം, വികസനം പൂജ്യം! സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ
സംഘടനയുടെ അടിസ്ഥാന സംവിധാനങ്ങളിലും കൂട്ടായ തീരുമാനങ്ങളിലുമുള്ള വിശ്വാസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറയെന്നും, എന്നാൽ നിലവിലെ ജില്ലാ നേതൃത്വം ആ രീതിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും നേതാക്കൾ തങ്ങളുടെ രാജിക്കത്തിൽ വ്യക്തമാക്കുന്നു. ഇതിനിടയിൽ തൊടുപുഴ ലീഗിലും സമാനമായ രീതിയിൽ ഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവവും സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.





