കോഴിക്കോട്: സർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് എക്സൈസ് ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ കടുത്ത വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ മുഖപത്രമായ ‘സിറാജ്’. സർക്കാരിന്റെ നയം കാറ്റിൽ പറത്തിയുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾ അധികാരലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്താണ് ഇത് നടന്നതെന്നും ദിനപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് നടക്കുന്നത് ‘ഉദ്യോഗസ്ഥ ഭരണമാണോ’ എന്നും മുഖപത്രം ചോദിക്കുന്നു.
സർക്കാർ അറിയാതെ പുതിയ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പുതിയ മദ്യനയം ഉടൻ വരുമെന്ന് അറിയിക്കുകയും ഉദ്യോഗസ്ഥ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ്. ഭരണകാലത്തെ മദ്യനയം മാറുന്നത് വരെ ലൈസൻസ് അനുവദിക്കരുതെന്ന നിർദേശം മറികടന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം. ലിജു മുന്നറിയിപ്പ് നൽകി.
എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബിയർ പാർലറുകൾക്ക് വിദേശമദ്യ ലൈസൻസ് നൽകിയ എക്സൈസ് നടപടിയിൽ മന്ത്രി തലത്തിൽ അതൃപ്തി നിലനിൽക്കെയാണ്, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പുതിയ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ് നൽകിയത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡിന്റെ അപേക്ഷയിൽ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ജൂൺ 22-ന് FL-7 ലൈസൻസുകൾ അനുവദിച്ചത്. തുടർന്ന് ബാലാജി കാറ്റേഴ്സ് നൽകിയ അപേക്ഷ സർക്കാർ തലത്തിലേക്ക് എത്തിയെങ്കിലും പുതിയ മദ്യനയം വരുന്നത് വരെ നടപടി പാടില്ലെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി ചെയർമാനായ ‘സിയാൽ’ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചതെന്നും ഇത് പൊതുജനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കി എക്സൈസ് കമ്മീഷണർ നടപടിയെ ന്യായീകരിച്ചു. എന്നാൽ, എക്സൈസ് മന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. നയം വരുന്നത് വരെ കാത്തിരിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം ലൈസൻസ് നൽകുന്നത് സർക്കാരിനെയും വകുപ്പിനെയും വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






