2027 ഐ.പി.എൽ സീസണിന് മുന്നോടിയായുള്ള മിനി ലേലത്തിന് തൊട്ടുമുമ്പ് തകർപ്പൻ ട്രേഡിങ് നീക്കവുമായി മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്‌സ് ഹൈദരാബാദും. നാല് പ്രമുഖ താരങ്ങൾ ഉൾപ്പെട്ട വൻ ട്രേഡ് പൂർത്തിയായതായി ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണും ഓസ്‌ട്രേലിയൻ താരം ജാക്ക് എഡ്‌വേഡ്‌സും ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായമണിയും.
ലിവിങ്സ്റ്റണിനെയും എഡ്‌വേഡ്‌സിനെയും ടീമിലെത്തിക്കാൻ രണ്ട് സൂപ്പർ പേസർമാരെയാണ് ചെന്നൈ ഹൈദരാബാദിന് വിട്ടുനൽകിയത്. ഇടങ്കയ്യൻ ഇന്ത്യൻ പേസർ ഖലീൽ അഹമ്മദും ഓസ്‌ട്രേലിയൻ പേസർ നഥാൻ എല്ലിസുമാണ് ഇനി ഹൈദരാബാദിനായി കളിക്കുക. കഴിഞ്ഞ ലേലത്തിൽ 13 കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കിയ ലിവിങ്സ്റ്റണിനെ 6 കോടി രൂപയ്ക്കാണ് ചെന്നൈ ട്രേഡിലൂടെ സ്വന്തമാക്കിയത്. എഡ്‌വേഡ്‌സിന്റെ നിലവിലെ കരാർ തുകയായ 3 കോടി രൂപയ്ക്കാണ് ട്രേഡ് നടന്നത്. മറുവശത്ത് ഖലീൽ അഹമ്മദ് (4.8 കോടി), നഥാൻ എല്ലിസ് (2 കോടി) എന്നിവർ തങ്ങളുടെ കരാർ തുകയ്ക്ക് തന്നെ ഹൈദരാബാദിലേക്ക് ചേക്കേറി. 2018 മുതൽ 2021 വരെ ഹൈദരാബാദ് നിരയിലുണ്ടായിരുന്ന ഖലീലിന്റെ തിരിച്ചുവരവ് ടീമിന്റെ ബൗളിങ് നിരയ്ക്ക് കരുത്തുപകരും.






