ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹന വിപണി കയ്യിലെടുക്കാനൊരുങ്ങി മഹീന്ദ്രയുടെ പുതിയ മോഡലുകൾ. XEV 9e, BE 6e എന്നീ മോഡലുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസ് ഇ.ക്യൂ.എ, ബി.എം.ഡബ്ള്യൂ ഐ.എക്സ് 1 എന്നിവയോട് കിടപിടിക്കുന്നതാണ് പുറത്തിറക്കിയ പുതിയ മോഡലുകൾ. 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ എന്നിങ്ങനെയാണ് തുടക്ക വില.
അതേസമയം വില സംബന്ധിച്ച് പൂർണ വിവരങ്ങൾ അടുത്ത വർഷം പ്രഖ്യാപിക്കും. ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യവാരത്തിലോ ഡെലിവറി ആരംഭിക്കുന്ന മഹീന്ദ്രയുടെ ഈ മോഡലുകൾ ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസ്.യു.വികളുടെ ബാറ്ററി പാക്കുകൾക്ക് ആജീവനാന്ത വാറന്റി ലഭിക്കുമെന്നുള്ളതും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്.
Also Read : ബെംഗളൂരു വിമാനത്താവളം റൂട്ടില്‍ വൈദ്യുത ബസുകള്‍ വരുന്നു..
5ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എ.ഐ ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനുകളും രണ്ടു വാഹനങ്ങളിലുമുണ്ട്. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളുണ്ട്.
എസ്‌യുവി യിൽ ഉപയോഗപ്പെടുത്തുന്നത് 59kWh, 79kWh LFP ബാറ്ററികളാണ്. കോംപാക്റ്റ് ത്രീ ഇൻ വൺ പവർട്രെയിൻ എന്നാണ് മഹീന്ദ്ര ഇവയെ വിളിക്കുന്നത്. 175kWh DC വരെ ഫാസ്റ്റ് ചാർജിങ്ങിലൂടെ ഈ ബാറ്ററികൾക്ക് 20 മിനിറ്റിനുള്ളിൽ തന്നെ 20% മുതൽ 80% വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നുള്ളത് XEV 9e, BE 6e മോഡലുകളെ മറ്റു മോഡലുകളെ അപേക്ഷിച്ച് വിപണിയിൽ മുന്നിലെത്തിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.