മുംബൈ: ഷാരൂഖ് ഖാന് മഹാരാഷ്ട്ര സർക്കാർ ഒമ്പത് കോടി തിരിച്ചു നൽകും. നടന്റെ മുംബൈയിലുളള വസതിയായ മന്നത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയപ്പോൾ നടനിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കിയിരുന്നു. ഈ തുക തിരിച്ച് നൽകാനാണ് സർക്കാർ തീരുമാനം.
ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ലീസിനെടുത്ത മന്നത്ത് ബംഗ്ലാവ് 2019ൽ ആണ് സ്വന്തം ഉടമസ്ഥതയിലേക്ക് നടൻ മാറ്റിയത്. അപ്പോൾ 25 കോടി രൂപ ഫീസായി സർക്കാരിലേക്ക് അടച്ചിരുന്നു. എന്നാൽ അന്ന് ഷാരൂഖ് ഖാൻ അധിക ഫീസ് നൽകിയെന്ന് റസിഡന്റ് സബർബൻ കളക്ടർ സതീശ് ബാഗൽ പറഞ്ഞതാണ് വഴിത്തിരിവായത്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് നടൻ പരാതി നൽകുകയും ചെയ്തിരുന്നു.
Also Read: ഒസാമു സുസുക്കിക്ക് പദ്മവിഭൂഷൺ നൽകി ഇന്ത്യയുടെ ആദരം
മുമ്പും ഷാരൂഖ് ഖാന്റെ ആഡംബര വസതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നടന്റെ ലണ്ടനിലെ വസതി ഇതിനോടകം ആളുകളുടെ മനംകവർന്നിട്ടുണ്ട്. ലണ്ടനിലെ അതിസമ്പന്നരടക്കം താമസിക്കുന്ന പാർക്ക് ലൈനിലാണ് ഈ വസതി നിലകൊളളുന്നത്. മാഞ്ചസ്റ്റർ ഈവനിങ് ന്യൂസിന്റെ 2009 ലെ റിപ്പോർട്ട് പ്രകാരം 20 മില്യൺ പൗണ്ടാണ് (ഇന്നത്തെ 214 കോടി രൂപ) ലണ്ടനിലെ ഈ വീടിന്റെ വില.