കേരളത്തിലേത് ദുര്‍ഭരണം, ഇടത്-വലത് മുന്നണികള്‍ ഒരു പോലെയാണ്; ദേവേന്ദ്ര ഫഡ്‌നാവിസ്

കേരളത്തിലേത് ദുര്‍ഭരണം, ഇടത്-വലത് മുന്നണികള്‍ ഒരു പോലെയാണ്; ദേവേന്ദ്ര ഫഡ്‌നാവിസ്

തിരുവനന്തപുരം: കേരളത്തിലേത് ദുര്‍ഭരണമെന്ന ആരോപണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍ ഒരു പോലെയാണ്. ഇരുവരുടെയും അജണ്ട അഴിമതിയാണ്. കേരളം പിന്നിലേക്കാണ് സഞ്ചരിക്കുന്നത്. കേരളത്തില്‍ വോട്ട് ബാങ്കിനായി ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയാണ്. വലിയ സാധ്യതയുള്ള നഗരമാണ് തിരുവനന്തപുരം. എന്നിട്ടും ജില്ലയില്‍ വികസനം എത്തിനോക്കിയിട്ടില്ല. സാധ്യതകളെ പ്രയോഗവല്‍ക്കരിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും ഫഡ്‌നവിസ് പറഞ്ഞു. ഇത്തവണ കേരളത്തില്‍ വോട്ട് കൂടുകയും ബിജെപിക്ക് സീറ്റും ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ മുന്നേറി. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. രാജ്യത്ത് ഭരണ വിരുദ്ധ വികാരം എങ്ങും കാണാനില്ലെന്നും ഭരണാനുകൂല വികാരം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് പാര്‍ലമെന്റില്‍ നാനൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. രാജ്യത്ത് മോദിയുടെ ഗ്രൂപ്പും രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പും തമ്മിലാണ് മത്സരം. ഇടതിന് വോട്ട് ചെയ്താലും ആ വോട്ട് ലഭിക്കുക രാഹുല്‍ ഗാന്ധിക്കാണ്.

മുന്‍കാലങ്ങളിലും വിവിധ സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് കേരളാ സ്റ്റോറി സംപ്രേഷണം ചെയ്തതിനോട് ഫഡ്‌നാവിസ് പ്രതികരിച്ചു. സെന്‍സറിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കേരളാ സ്റ്റോറി. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ വിരുദ്ധ സിനിമകള്‍ പോലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുകയാണെന്നായിരുന്നു പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഫഡ്‌നാവിസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top