ടയറിനുള്ളിൽ മാഗ്നറ്റ് ലോക്ക്, വിപണിയിൽ 25 ലക്ഷം രൂപ വില! കുറ്റിപ്പുറത്ത് എംഡിഎംഎയുമായി 33-കാരൻ പിടിയിൽ

493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്

ടയറിനുള്ളിൽ മാഗ്നറ്റ് ലോക്ക്, വിപണിയിൽ 25 ലക്ഷം രൂപ വില! കുറ്റിപ്പുറത്ത് എംഡിഎംഎയുമായി 33-കാരൻ പിടിയിൽ
ടയറിനുള്ളിൽ മാഗ്നറ്റ് ലോക്ക്, വിപണിയിൽ 25 ലക്ഷം രൂപ വില! കുറ്റിപ്പുറത്ത് എംഡിഎംഎയുമായി 33-കാരൻ പിടിയിൽ

മലപ്പുറം: ഹൈവേകൾ കേന്ദ്രീകരിച്ച് ആഡംബര കാറിൽ കറങ്ങിനടന്ന് വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കുറ്റിപ്പുറത്ത് പിടിയിൽ. തിരൂർ കൂട്ടായി സ്വദേശി അബ്ദുൽ മുഫാസിറിനെയാണ് (33) ചില്ലറ വിപണിയിൽ 25 ലക്ഷം രൂപ വിലവരുന്ന രാസലഹരിയുമായി എക്സൈസ്-പോലീസ് സംഘം പിടികൂടിയത്. ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ചാണ് ഇയാളെ വലയിലാക്കിയത്.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിനുള്ളിൽ കാന്തവും സെല്ലോടേപ്പും ഉപയോഗിച്ച് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. 493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിലെ ഹൈവേകൾ കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അബ്ദുൽ മുഫാസിർ. മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയാണ് ഇയാൾ. മുൻപ് മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ എംഡിഎംഎ വിൽപ്പന നടത്തിയതിന് പിടിയിലായിരുന്നു. കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്.ഐ. കെ.എസ്. സുധീർ, എ.എസ്.ഐ. സുധീർ പി.ഡി, പോലീസ് ഉദ്യോഗസ്ഥരായ സനീഷ്, ലിബിൻ എന്നിവരും മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ മേഖലകളിലെ ഡാൻസാഫ് സംഘവും ചേർന്നാണ് ലഹരിവേട്ട നടത്തിയത്.

Share Email
Top