വീര്യം കുറഞ്ഞ മദ്യം മാത്രം വില്‍ക്കുന്ന പുതിയ ബാറുകള്‍ തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി മുന്തിരി, ജാമുന്‍ എന്നിവയ്ക്ക് പുറമേ, മധ്യപ്രദേശില്‍ ഉല്‍പ്പാദിപ്പിച്ച് ശേഖരിക്കുന്ന മറ്റ് പഴങ്ങളില്‍ നിന്നും തേനില്‍ നിന്നുമുള്ള വൈന്‍ ഉത്പാദനം അനുവദിക്കാനും തീരുമാനമുണ്ട്.

വീര്യം കുറഞ്ഞ മദ്യം മാത്രം വില്‍ക്കുന്ന പുതിയ ബാറുകള്‍ തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
വീര്യം കുറഞ്ഞ മദ്യം മാത്രം വില്‍ക്കുന്ന പുതിയ ബാറുകള്‍ തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകള്‍ അനുവദിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഇത്തരത്തിലുള്ള ബാറുകള്‍ സ്ഥാപിക്കും. പുതിയ എക്‌സൈസ് നയത്തിലാണ് ഈ മാറ്റം. എന്നാല്‍ 17 പുണ്യനഗരങ്ങളടക്കം 19 സ്ഥലങ്ങളില്‍ മദ്യ നിരോധനം നിലനില്‍ക്കും.

പത്ത് ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് അടങ്ങിയ ബിയര്‍, വൈന്‍, റെഡി-ടു-ഡ്രിങ്ക് ലഹരിപാനീയങ്ങള്‍ മാത്രമാണ് പുതിയ തരം ബാറുകള്‍ വഴി വില്‍ക്കുക. ഇവിടെ സ്പിരിറ്റ് കര്‍ശനമായി നിരോധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 470 ഓളം ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ബാറുകളുടെ എണ്ണം വര്‍ധിക്കും.

സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയ 19 സ്ഥലങ്ങളിലായി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 47 മദ്യശാലകള്‍ അടച്ചുപൂട്ടും. ഉജ്ജയിന്‍, ഓംകാരേശ്വര്‍, മഹേശ്വര്, മണ്ഡ്‌ലേശ്വര്‍, ഓര്‍ച്ച, മൈഹാര്‍, ചിത്രകൂട്, ദാതിയ, അമര്‍കണ്ടക്, സല്‍കാന്‍പൂര്‍ എന്നിവയാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയ ചില പുണ്യ നഗരങ്ങള്‍. ഇതിലൂടെ സര്‍ക്കാരിന് 450 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. എന്നാല്‍ പുതിയ എക്‌സൈസ് നയം പ്രകാരം മദ്യശാലകളുടെ പുതുക്കല്‍ ഫീസ് 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യശാലകള്‍ ആരംഭിക്കുക കൂടി ചെയ്താല്‍ വരുമാന നഷ്ടം മറികടക്കാനാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Also Read: ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍; രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തള്ളി

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി മുന്തിരി, ജാമുന്‍ എന്നിവയ്ക്ക് പുറമേ, മധ്യപ്രദേശില്‍ ഉല്‍പ്പാദിപ്പിച്ച് ശേഖരിക്കുന്ന മറ്റ് പഴങ്ങളില്‍ നിന്നും തേനില്‍ നിന്നുമുള്ള വൈന്‍ ഉത്പാദനം അനുവദിക്കാനും തീരുമാനമുണ്ട്. വൈന്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് സമീപത്ത് ഇവരുടെ ചില്ലറ വില്‍പ്പന ശാലകള്‍ തുറക്കാന്‍ അനുവദിക്കും. വൈനറികളില്‍ വിനോദസഞ്ചാരികള്‍ക്ക് വൈന്‍ രുചി അറിയാനുള്ള സൗകര്യമൊരുക്കാനും അനുവാദം നല്‍കും. ഒപ്പം വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റുകള്‍ക്ക് മദ്യം നിര്‍മ്മിക്കാനും സംഭരിക്കാനും കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും വില്‍ക്കാനും അനുമതി നല്‍കും. സംസ്ഥാനത്തെ 3,600 കമ്പോസിറ്റ് മദ്യശാലകള്‍ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 15,200 കോടി രൂപയുടെ വരുമാനം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നയം മാറ്റം ഈ മദ്യശാലകളുടെ വരുമാനവും ഉയര്‍ത്തും.

Share Email
Top