‘പാര്‍ട്ടിയെ മാധ്യമങ്ങള്‍ സഹായിക്കേണ്ട, പക്ഷെ സാമാന്യ മര്യാദ പാലിക്കണം’; എം.വി.ഗോവിന്ദന്‍

പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നോട്ടുപോകാനുള്ള നടപടികളാണു സ്വീകരിക്കുന്നത്

‘പാര്‍ട്ടിയെ മാധ്യമങ്ങള്‍ സഹായിക്കേണ്ട, പക്ഷെ സാമാന്യ മര്യാദ പാലിക്കണം’; എം.വി.ഗോവിന്ദന്‍
‘പാര്‍ട്ടിയെ മാധ്യമങ്ങള്‍ സഹായിക്കേണ്ട, പക്ഷെ സാമാന്യ മര്യാദ പാലിക്കണം’; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നോട്ടുപോകാനുള്ള നടപടികളാണു സ്വീകരിക്കുന്നത്. വിമര്‍ശനവും സ്വയം വിമര്‍ശനവും വേണമെന്നാണു പാര്‍ട്ടി നിലപാട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണതൃപ്തിയുണ്ട്. മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നതിനെക്കുറിച്ചാണു ചര്‍ച്ചയെന്നും കൊല്ലത്തും കരുനാഗപ്പള്ളിയിലും ഏതെങ്കിലും നേതാവിനൊപ്പമല്ല പാര്‍ട്ടിക്കൊപ്പമാണു ജനങ്ങളെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. താന്‍ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിച്ചതിനെ പോലും തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി. പാര്‍ട്ടിയെ മാധ്യമങ്ങള്‍ സഹായിക്കേണ്ട, പക്ഷെ സാമാന്യ മര്യാദ പാലിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

”റോഡ് തടസപ്പെടുത്തി സമ്മേളനങ്ങള്‍ നടത്തുന്നതിനോടു യോജിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. വഞ്ചിയൂരിലെ വിഷയം കോടതിക്കു മുന്നിലാണ്. അതില്‍ കൂടുതല്‍ അഭിപ്രായം പറയുന്നതില്‍ കാര്യമില്ല. വൈദ്യുതി ചാര്‍ജ് വര്‍ധന ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുക അല്ലാതെ വേറെ വഴിയില്ല. പ്രതിഷേധിക്കുന്നവര്‍ക്കു പ്രതിഷേധിക്കാം.” എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

Also Read: ‘ബിജെപി സര്‍ക്കാര്‍ വാഷിംഗ് മെഷീന്‍’; കന്നി പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

”തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടായി എന്ന പ്രചാരണം സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതാണ്. അതു വസ്തുതാവിരുദ്ധമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലത്തോടെ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. കോടതി വിധി മറികടന്ന് ആര്‍എസ്എസിന്റെ ഏറ്റവും പ്രധാന പ്രവര്‍ത്തകരെ വൈസ് ചാന്‍സലര്‍മാരായി താല്‍ക്കാലികമായി നിയമിക്കുകയാണ്. എന്താണോ ഗവര്‍ണര്‍ പറയുന്നത് അതിനനുസരിച്ച് കാവിവല്‍ക്കരണത്തിന്റെ രാഷ്ട്രീയമാണ് ഇവര്‍ നടപ്പാക്കുന്നത്. സിന്‍ഡിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ തയാറാകുന്നില്ല. കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും.” എം.വി.ഗോവിന്ദന്‍ പറഞ്ഞു.

”ഇന്ത്യയുടെ ഊഷ്മളമായ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാതിരുന്ന ആര്‍എസ്എസും ബിജെപിയും ഇപ്പോള്‍ ചരിത്രപുരുഷന്മാരെ തമസ്‌കരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനൊപ്പം ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പള്ളികള്‍ എല്ലാം ഉണ്ടാക്കിയിട്ടുള്ളതെന്ന പ്രചാരണവും വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്നു. ഇതിനെതിരായ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്.” എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Share Email
Top