ചെന്നൈ: ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന് വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും ബാധിച്ചതിനെ തുടർന്ന് പാർട്ടി പരിപാടികൾ മാറ്റിവെച്ചു. ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡി.എം.കെയുടെ പ്രധാന വാർഷിക സമ്മേളനമായ ‘മൂപ്പെരും വിഴ’ മാറ്റിവെച്ചതായി ഡി.എം.കെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.
അനാരോഗ്യത്തെ തുടർന്ന് സ്റ്റാലിൻ പൊതുപരിപാടികളിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയാണ്. ഡി.എം.കെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരൈയുടെ 118-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന പുഷ്പാർച്ചന ചടങ്ങിലും അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. ദുരൈമുരുഗന്റെ നേതൃത്വത്തിലാണ് അണ്ണാദുരൈയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത്. മാറ്റിവെച്ച സമ്മേളനത്തിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്ന് പ്രധാന ദിനങ്ങളെ കോർത്തിണക്കിയാണ് ഡി.എം.കെ എല്ലാ വർഷവും ‘മൂപ്പെരും വിഴ’ സംഘടിപ്പിക്കുന്നത്. അണ്ണാദുരൈയുടെ ജന്മദിനം (സെപ്റ്റംബർ 15), ഇ.വി. രാമസാമി പെരിയാറുടെ ജന്മദിനം (സെപ്റ്റംബർ 17), ഡി.എം.കെയുടെ രൂപീകരണ ദിനം (സെപ്റ്റംബർ 17) എന്നിവ ഒന്നിച്ച് കൊണ്ടാടുന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത.






