ആഡംബര കാർ കുടുങ്ങി: ഫെരാരിക്ക് 1.42 കോടി പിഴ ചുമത്തി കർണാടക

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ഫെരാരി കാർ കർണാടക മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു

ആഡംബര കാർ കുടുങ്ങി: ഫെരാരിക്ക് 1.42 കോടി പിഴ ചുമത്തി കർണാടക
ആഡംബര കാർ കുടുങ്ങി: ഫെരാരിക്ക് 1.42 കോടി പിഴ ചുമത്തി കർണാടക

ബെംഗളൂരു: കർണാടകയിൽ നികുതി അടയ്ക്കാതെ ഉപയോഗിച്ച ആഡംബര സ്പോർട്സ് കാറിന് മോട്ടോർ വാഹന വകുപ്പ് 1.42 കോടി രൂപ നികുതിയും പിഴയും ചുമത്തി. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ഫെരാരി എസ്എഫ് 90 സ്ട്രെഡൽ എന്ന കാറിനാണ് കർണാടക റോഡ് ടാക്സും പിഴയും അടയ്‌ക്കേണ്ടി വന്നിരിക്കുന്നത്. നികുതി വെട്ടിച്ച് സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ഫെരാരി കാർ കർണാടക മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരു സൗത്ത് ആർടിഒയിലെ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്തു. തുടർന്ന്, വാഹനം കർണാടകയിൽ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ കാർ പിടിച്ചെടുത്തു. നികുതി അടയ്ക്കുന്നതിനായി ഒരു ദിവസത്തെ സമയം നൽകി ഉടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

Also Read: വരുന്നൂ കിയ കാരൻസ് ക്ലാവിസ് ഇവി

1,41,59,041 രൂപയാണ് പിഴയായി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനുവദിച്ച സമയത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സമീപകാലത്ത് സംസ്ഥാനത്ത് ഒരു വാഹനത്തിൽ നിന്ന് ഈടാക്കുന്ന ഏറ്റവും വലിയ നികുതിയാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നികുതി വെട്ടിച്ച് ഓടുന്ന ആഡംബര വാഹനങ്ങൾക്കെതിരായ നടപടികൾ തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

നികുതി നൽകാതെ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്ന അന്യസംസ്ഥാന വാഹനങ്ങൾക്ക് നേരെ കർണാടകയിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നികുതി വെട്ടിപ്പ് നടത്തിയ 30 ആഡംബര വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, ഔഡി, ആസ്റ്റൺ മാർട്ടിൻ, റേഞ്ച് റോവർ തുടങ്ങിയ വാഹനങ്ങളാണ് ഇതിനുമുമ്പ് നികുതി വെട്ടിപ്പിന് പിടിച്ചെടുത്തിട്ടുള്ളവ.

Share Email
Top