കാക്കനാട്: അമിതമായ ശബ്ദവും അശാസ്ത്രീയമായ ലൈറ്റുകളും ഘടിപ്പിച്ച് റോഡിലൂടെ പാഞ്ഞ ആഡംബര കാർ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കാറിനു ചുറ്റും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഘടിപ്പിച്ചും, വലിയ ശബ്ദമുണ്ടാക്കുന്ന ഹൈ ഡെസിബൽ മ്യൂസിക്കൽ സംവിധാനവും നിരോധിച്ച മൾട്ടി ടോൺ എയർ ഹോണും ഉൾപ്പെടുത്തിയായിരുന്നു വാഹനം റോഡിലിറക്കിയത്. കാക്കനാട്–പള്ളിക്കര റോഡിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഈ ആഡംബര കാർ പിടിയിലായത്. വാഹനത്തിന്റെ ടയറുകൾ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലുമായിരുന്നു.
പെരിന്തൽമണ്ണ സ്വദേശിയായ ഉനൈസിന്റേതാണ് ഈ കാർ. ബിസിനസ് ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയതാണെന്ന് കാറിലുണ്ടായിരുന്നവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയമവിരുദ്ധമായ രൂപമാറ്റങ്ങളും ഫിറ്റിങ്ങുകളും വരുത്തിയതിന് കാർ ഉടമയ്ക്ക് 32,750 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ. എൻ. വിനോദ്കുമാർ, എ.എം.വി.ഐ.മാരായ എൻ.എ. മുഹമ്മദ് നിയാസ്, വി. കശ്യപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാഹനത്തിൽ വരുത്തിയ അനധികൃത ഫിറ്റിങ്ങുകളെല്ലാം പൂർണ്ണമായി നീക്കം ചെയ്ത് കമ്പനി നിർദ്ദേശിച്ച യഥാർത്ഥ രൂപത്തിലേക്ക് മാറ്റിയതിന് ശേഷം മാത്രമേ ഈ കാർ വീണ്ടും നിരത്തിലിറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






