അബുദാബി: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസന മാതൃകകളിലേക്ക് അതിവേഗം ചുവടുവെക്കുന്ന യു.എ.ഇ.യുടെ വൻകിട ദേശീയ പദ്ധതിയായ ‘നസീജ്’ ൽ പങ്കാളിയായി പ്രമുഖ ആഗോള റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ്. വസ്ത്രമാലിന്യങ്ങൾ ഫലപ്രദമായി കുറയ്ക്കുന്നതിനും ടെക്‌സ്റ്റൈൽ മേഖലയെ പുനരുപയോഗ സാധ്യതയുള്ള ‘സർക്കുലർ ഇക്കോണമി’ മാതൃകയിലേക്ക് മാറ്റുന്നതിനുമായി രൂപീകരിച്ചതാണ് ഈ വിപുലമായ പദ്ധതി.
എമിറേറ്റ്‌സ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, യു.എ.ഇ. സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് സി.ഇ.ഒ. സെയ്ഫി രൂപാവാല ഇതുസംബന്ധിച്ച തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നാഷണൽ പ്രോജക്ട്സ് ഓഫീസ്, സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം, എമിറേറ്റ്സ് ഫൗണ്ടേഷൻ, തദ്വീർ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് രാജ്യം ഈ വൻകിട ഹരിത പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
Also Read: ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി; വാക്ക്-ഇൻ സൗകര്യം നിർത്തലാക്കി
പഴയതും ഉപയോഗശൂന്യവുമായ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, അവ ശാസ്ത്രീയമായി വീണ്ടെടുത്ത് പുനരുപയോഗപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും പുതിയൊരു ഊർജ്ജം നൽകും.
പദ്ധതിയുടെ ഭാഗമായി ലുലു ഗ്രൂപ്പ് തങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിലും സ്റ്റോറുകളിലും അത്യാധുനിക ടെക്‌സ്‌റ്റൈൽ റീസൈക്ലിങ് പോയിന്റുകൾ സ്ഥാപിക്കും. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും തങ്ങൾ ഉപയോഗിക്കാത്തതോ പഴയതോ ആയ വസ്ത്രങ്ങൾ ഈ കളക്ഷൻ പോയിന്റുകളിൽ നിക്ഷേപിച്ച് ഈ ദേശീയ ദൗത്യത്തിൽ പങ്കാളികളാകാം.
യു.എ.ഇ.യുടെ സുസ്ഥിരവികസനത്തിനും വരാനിരിക്കുന്ന ‘നെറ്റ് സീറോ’ വിഷനും വേഗതയേകുന്ന ഈ ചരിത്ര പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ലുലു സി.ഇ.ഒ. സെയ്ഫി രൂപാവാല വ്യക്തമാക്കി. പദ്ധതിയെ വൻ വിജയമാക്കാൻ പൊതുജന പങ്കാളിത്തം പരമാവധി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പിനൊപ്പം അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ, അൽദാർ, ലാൻഡ്മാർക്ക് ഗ്രൂപ്പ്, ഡെലിവെറോ, തലാബത്ത് തുടങ്ങി പ്രമുഖരായ 14 ആഗോള-ദേശീയ സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൈകോർത്തിട്ടുണ്ട്.






