ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയത്തിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്.
‘വിജയത്തിൽ വലിയ ആശ്വാസമുണ്ട്. വലിയ വിജയങ്ങൾ നേടുന്നതിനെക്കുറിച്ച് ടീം ചിന്തിക്കാറില്ല. അതുപോലെ കനത്ത പരാജയങ്ങളും നേരിടരുത്. പരിമിതികളിൽ നിൽക്കുന്ന കാര്യങ്ങളാണ് ലഖ്നൗ ചെയ്യാൻ ആഗ്രഹിക്കുന്നത്. പ്രിൻസ് യാദവും ഷാർദുൽ താക്കൂറും പന്തെറിഞ്ഞ രീതി സന്തോഷം നൽകുന്നു. നിക്കോളാസ് പുരാന് സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള സ്വാതന്ത്രം ലഖ്നൗ നൽകും. കാരണം സൺറൈസേഴ്സിനെതിരെ പുരാൻ നന്നായി ബാറ്റ് ചെയ്തു. ലഖ്നൗ മികച്ച ടീമായി മാറികൊണ്ടിരിക്കുകയാണ്. ഇതുവരെ ലഖ്നൗ ടീം പൂർണ മികവിലേക്കെത്തിയിട്ടില്ല. എങ്കിലും ഇപ്പോൾ നേടിയ വിജയത്തിൽ ടീം സന്തോഷത്തിലാണ്‘, റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചു.
Also Read: ഐപിഎല്ലിൽ ഇന്ന് കനത്ത പോരാട്ടം; ധോണിയും വിരാടും ഏറ്റുമുട്ടും
അതേസമയം ഐപിഎല്ലില്‍ ആദ്യ ജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി പറഞ്ഞ ലഖ്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 26 പന്തിൽ ആറ് ഫോറും ആറ് സിക്സറുകളും സഹിതം 70 റൺസ് നേടിയ നിക്കോളാസ് പുരാനാണ് ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.