ജിദ്ദ: 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ റിഷഭ് പന്തിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ സ്വന്തമാക്കാന്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്നൗ ലേലം ഉറപ്പിക്കുകയായിരുന്നു.
ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി. കെ എല്‍ രാഹുല്‍ പോകുന്നതോടെ പകരം നായകനായാണ് ലഖ്‌നൗ റിഷഭ് പന്തിനെ പരിഗണിച്ചത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്‌നൗ തന്നെയാണ് റിഷഭ് പന്തിന്റെ പേരു വിളിച്ചതും. പിന്നീട് 11.25 കോടി വരെ ലഖ്‌നൗവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി. എന്നാല്‍ 11.25 കോടി കടന്നതോടെ ആര്‍സിബി പിന്‍മാറി. ഈ സമയത്താണ് നാടകീയമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പന്തിനായി രംഗത്തെത്തിയത്.
പിന്നീട് ഹൈദരാബാദും ലഖ്‌നൗവും തമ്മിലായി മത്സരം. 20 കോടി വരെ ഇരു ടീമകളും പന്തിനായി മാറി മാറി വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാര്‍ഡ് (ആര്‍ടിഎം) ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനായി 20.75 കോടിക്ക് രംഗത്തെത്തി. ലേലത്തില്‍ ശ്രേയസിനെ തിരികെയെത്തിച്ച് നായകൻ ആക്കാനാണ് ഡല്‍ഹി പന്തിനെ കൈവിട്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Also Read:നാണംകെട്ട തോൽവിയേറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി; ലാലിഗയിൽ ബാഴ്സക്ക് സമനില കുരുക്ക്
എന്നാല്‍ ശ്രേയസിനെ പഞ്ചാബ് റാഞ്ചിയതോടെ റിഷഭിനെ തിരിച്ചുപിടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമം ലഖ്‌നൗ തകര്‍ത്തു. 27 കോടിക്ക് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ച് ഞെട്ടിച്ച്. നിമിഷങ്ങള്‍ക്ക് മുമ്പ് 26.75 കോടിക്ക് പഞ്ചാബിലെത്തി ഐപിഎല്‍ ചരിത്രത്തിലെ വില കൂടി താരമായ ശ്രേയസിന്റെ റെക്കോര്‍ഡാണ് 27 കോടിക്ക് ലഖ്‌നൗവിലെത്തിയ റിഷഭ് പന്ത് മറികടന്നത്.